ബൈക്കിൽ കാറിടിച്ചു; രണ്ടുപേർക്ക് പരിക്ക്
1438087
Monday, July 22, 2024 3:59 AM IST
മരട്: ഇടപ്പള്ളി-അരൂർ ദേശീയ പാതയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. പെരുമ്പാവൂർ റയോൺപുരം സ്വദേശികളായ കാഞ്ഞിരക്കാട് പള്ളത്തുക്കുടി മുഹമ്മദ് നിസാമുദ്ധീൻ (23), കാഞ്ഞിരക്കാട് ചന്ദാര വീട്ടിൽ മുഹമ്മദ് നൗഫൽ (25) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഇരുവരെയും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.50 ഓടെ ബണ്ട് പെട്രോൾ പമ്പിന് എതിർവശത്ത് ഫോറം മാളിന് സമീപമായിരുന്നു അപകടം.
ദേശീയപാതയിലൂടെ അരൂർ ഭാഗത്ത് നിന്ന് വന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് റോഡിന്റെ വശത്തുണ്ടായിരുന്ന മീഡിയൻ കുറ്റികൾ ഇടിച്ചിട്ട് സർവീസ് റോഡിലൂടെ പോവുകയായിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിക്കുകയായിരുന്നു.
ഉടനെ സമീപത്തുണ്ടായിരുന്നവർ ഓടിക്കൂടി പരിക്കേറ്റ ബൈക്ക് യാത്രികനെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് വാഹനങ്ങളിലും കാറിടിച്ചെങ്കിലും ആർക്കും പരിക്കേറ്റില്ല.