ആരക്കുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മൂന്നു പാനൽ
1438080
Monday, July 22, 2024 3:45 AM IST
ആരക്കുഴ: ഓഗസ്റ്റ് നാലിന് നടക്കുന്ന ആരക്കുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മൂന്നു പാനലുകൾ രംഗത്ത്. കോൺഗ്രസിന്റെയും എൽഡിഎഫിന്റെയും പാനലിനു പുറമെ കേരള കോൺഗ്രസ് - ജോസഫ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മറ്റൊരു പാനലും പത്രിക നൽകിയിട്ടുണ്ട്. എൽഡിഎഫ് ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിന്റെ പിന്തുണ യുഡിഎഫ് ഘടകകക്ഷിയായ ജോസഫ് ഗ്രൂപ്പിനാണ്.
കഴിഞ്ഞതവണ സിപിഎം, സിപിഐ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് - ജോസഫ് ഗ്രൂപ്പ് എന്നീ പാർട്ടികൾ ഉൾപ്പെട്ട സഖ്യത്തിനാണ് ഭരണം ലഭിച്ചത്. ജനാധിപത്യ കേരള കോൺഗ്രസിലെ ടോമി വള്ളമറ്റം പ്രസിഡന്റായി.
ഇത്തവണ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ജനാധിപത്യ കേരള കോൺഗ്രസും ജോസഫ് ഗ്രൂപ്പും നിലവിലെ ഭരണമുന്നണിയിൽനിന്നു മാറി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെയാണെന്നിരിക്കേ തർക്കം പരിഹരിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്.