തീര സംരക്ഷണം: കേന്ദ്ര-സംസ്ഥാന ഓഫീസുകൾ ഉപരോധിക്കും
1437717
Sunday, July 21, 2024 4:26 AM IST
വൈപ്പിൻ: രൂക്ഷമായ കടലാക്രമണം നേരിടുന്ന എടവനക്കാട് തീരത്ത് സുരക്ഷിതമായ കടൽഭിത്തി നിർമാണം ആരംഭിക്കുന്നതു വരെ സമരം തുടരാൻ ജനകീയ സമരസമിതി സംഘടിപ്പിച്ച ജനകീയ സമര സംഗമം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വരും ദിനങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ ഉപരോധവും കടൽത്തീരത്ത് മനുഷ്യഭിത്തി നിർമിച്ചു പ്രതീകാത്മക സമരവും പ്രഖ്യാപിച്ചു.
സംസ്ഥാനപാത ഉപരോധത്തിലൂടെ ആരംഭിച്ച സമരം ജനകീയ ഹർത്താൽ, പന്തംകൊളുത്തി പ്രകടനം, ജനകീയ മനുഷ്യ ചങ്ങല, എന്നീ സമരങ്ങൾ മുറകൾ പിന്നിട്ടിട്ടും പദ്ധതി പ്രഖ്യാപനമല്ലാതെ മറ്റു നടപടി കൾ ഒന്നുമായില്ല.
ഇതോടെയാണ് സമരം തുടരാൻ തീരുമാനിച്ചിട്ടുള്ളത്. സമരസംഗമം എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.എസ്. സനിൽകുമാർ അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകനായ പ്രേം ബാബു മുഖ്യപ്രഭാഷണം നടത്തി.