നാടാകെ കൈകോർത്തിട്ടും കണ്ണീരോർമയായി ഡിൻസി
1435940
Sunday, July 14, 2024 4:53 AM IST
വാഴക്കുളം: ഒടുവിൽ സുമനസുകളുടെ സ്നേഹം മാത്രം ബാക്കിയാക്കി ഡിൻസി നിത്യയാത്രയായി. മഞ്ഞള്ളൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ പരേതനായ മേയ്ക്കൽ മനോജിന്റെ ഭാര്യ ഡിൻസി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടിയിരുന്നു.
40 ലക്ഷത്തോളം ചെലവു വരുന്ന ശസ്ത്രക്രിയയ്ക്ക് തുക കണ്ടെത്താനാവാത്ത നിർധന കുടുംബാംഗമായ ഡിൻസിക്കായി വാഴക്കുളം പ്രദേശം ഒന്നാകെ ഒത്തുചേർന്ന് തുക സമാഹരിക്കുകയും ചെയ്തു. എന്നാൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഡിൻസിയുടെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു മരണം.
കുറേ ദിവസങ്ങളായി കടുത്ത അണുബാധയും ആന്തരിക രക്തസ്രാവവും മൂലം ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. 12 വർഷങ്ങൾക്കു മുന്പ് റോഡ് അപകടത്തിൽ ഭർത്താവ് മരണപ്പെട്ട ശേഷം ഡിൻസി വാടക വീട്ടിലായിരുന്നു താമസം. സിഎംസി സിസ്റ്റേഴ്സ് സൗജന്യമായി നൽകിയ സ്ഥലത്ത് വാഴക്കുളം പിഒ ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് ഇവർക്ക് വീട് നിർമിച്ച് നൽകുകയായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന ഏക മകൻ ക്രിസ്റ്റി മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.
വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് കുഴികണ്ണിയിൽ, കർമല ആശ്രമശ്രേഷ്ഠൻ ഫാ. തോമസ് മഞ്ഞക്കുന്നേൽ എന്നിവർ രക്ഷാധികാരികളായും വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ ചെയർമാനായും ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ ജനറൽ കണ്വീനറായും 20 അംഗ കമ്മിറ്റി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 40 ലക്ഷം രൂപ കണ്ടെത്തുന്നതിന് നേതൃത്വം നൽകിയിരുന്നു.
എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ ഫലമായി ലഭിച്ച 40 ലക്ഷം സ്നേഹപൂർവം നിരസിച്ച് ഡിൻസി വിടവാങ്ങിയത് നാടിന് തീരാദു:ഖമായി.