കോതമംഗലം: കേരള പ്രദേശ് കർഷക കോണ്ഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി ‘കേന്ദ്ര - സംസ്ഥാന സർക്കാരുകളും കർഷക രോഷാഗ്നിയും’ സെമിനാർ സംഘടിപ്പിച്ചു. കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗവും മുൻ എംഎൽഎയുമായ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം കർഷകക്കൂട്ടായ്മ നടത്തിയ പ്രക്ഷോഭങ്ങളെ തുടർന്ന് കർഷക ദ്രോഹ കരിനിയമം കേന്ദ്രം പിൻവലിച്ചതുപോലെ സംസ്ഥാനത്തെ കർഷകർ തുടങ്ങാൻ പോകുന്ന രോഷാഗ്നി സമരത്തിന് മുന്നിൽ സംസ്ഥാന സർക്കാരിനും മുട്ടുമടക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു. കർഷക കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ് വിഷയാവതരണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അബു മൈതീൻ ക്ലാസ് നയിച്ചു. കർഷക കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ, കെ.പി. ബാബു, ബാബു ഏലിയാസ് എന്നിവർ കർഷകരെ ആദരിച്ചു. കെ.ഇ. കാസീം, എം.സി. അയ്യപ്പൻ, ഷൈജന്റ് ചാക്കോ, സി.ജെ. എൽദോസ്, പി.കെ. ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 75 കർഷകരെ സെമിനാറിൽ ആദരിച്ചു.