പറവൂര്‍ സബ് ആര്‍ടി ഓഫീസില്‍ പ്രത്യേക സര്‍ക്കുലറെന്ന് ആക്ഷേപം
1431281
Monday, June 24, 2024 5:32 AM IST
വൈപ്പിന്‍: സംസ്ഥാനത്ത് നോര്‍ത്ത് പറവൂര്‍ സബ് ആര്‍ടി ഓഫീസില്‍ മാത്രം പ്രത്യക സര്‍ക്കുലര്‍ നടപ്പാക്കി ഡ്രൈവിംഗ് സ്കൂള്‍ ഉടമകളെയും പഠിതാക്കളെയും ബുദ്ധിമുട്ടിക്കുന്നുവെന്ന് ആക്ഷേപം. ഇതേതുടർന്ന് കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ വര്‍ക്കേഴ്സ് യൂണിയൻ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ഇതിനു മുന്നോടിയായി 26ന് രാവിലെ 10 ന് പറവൂര്‍ ആര്‍ടി ഓഫീസിനു മുന്നില്‍ വൈപ്പിന്‍-പറവൂര്‍ മേഖലയിലെ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെയും പഠിതാക്കളുടെയും നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.
അടുത്തിടെ ഇറങ്ങിയ സര്‍ക്കുലര്‍ പ്രകാരം രണ്ടു മോട്ടോര്‍ വെഹിക്കിള്മാരുള്ള ഓഫീസില്‍ 80 പേരെ രണ്ട് ബാച്ചുകളായി ഡ്രൈവിംഗ് ടെസ്റ്റ് നടത്താം. എന്നാൽ പറവൂരിൽ 30 താഴെയുള്ള ഒരു ബാച്ചിനെ മാതമാണ് പരിഗണിക്കുന്നുള്ളുവെന്നാണ് ഡ്രൈവിംഗ് സ്ക്കൂൾ ഉടമകളുടെ ആരോപണം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ പെരുമാറ്റം ടെസ്റ്റിനു വരുന്ന കുട്ടികളുടെ മാനസികാവസ്ഥ തകർക്കുകയും ഇത് ടെസ്റ്റിൽ തോൽവി സംഭവിക്കാൻ ഇടവരുത്തുകയും ചെയ്യുന്നുവെന്നും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ആരോപിക്കുന്നു.
ടെസ്റ്റ് തോറ്റാല്‍ റീടെസ്റ്റ് ഏഴു ദിവസം കഴിഞ്ഞാല്‍ നടത്താമെന്ന് നിയമമുണ്ടായിരിക്കെ ലേണേഴ്സ് ലൈസന്‍സ് കാലാവധി കഴിഞ്ഞാലും റീടെസ്റ്റിന് ഡേറ്റ് കിട്ടാത്ത അവസ്ഥയാണ് പറവൂരിൽ. ഇതുമൂലം ലേണേഴ്സ് ലൈസന്‍സ് പുതുക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആർടിഒയ്ക്ക് പരാതി നൽകിയെങ്കിലും പരിഹാര മുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭത്തിനിറങ്ങുന്നത്. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹീം കുട്ടി ധർണ ഉദ്ഘാടനം ചെയ്യും.