അനുമോദനവും യാത്രയയപ്പും
1425564
Tuesday, May 28, 2024 7:41 AM IST
കോതമംഗലം : ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനോടനുബന്ധിച്ച് നടന്ന അനുമോദന യോഗവും, ഐസിഡിഎസിലെ വിരമിക്കുന്ന ജീവനക്കാർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ നിർവഹണ ഉദ്യോഗസ്ഥരെയും, സഹ ഉദ്യോഗസ്ഥരെയും, സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിച്ച കരാറുകാരെയും സമ്മേളനത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും വിസ്തൃതമായതും പദ്ധതി വിഹിതം ഏറ്റവും കൂടുതലുള്ളതും, 15 ആദിവാസി കുടികളുള്ളതുമായ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആദ്യമായാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയത്. ഭരണസമിതിയും, ഉദ്യോഗസ്ഥരും, കരാറുകാരും, ആത്മാർത്ഥമായി പ്രവർത്തിച്ചതിന്റെ ഫലമാണ് നേട്ടം കൈവരിക്കാൻ ഇടയായതെന്ന് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിരമിക്കുന്ന 14 അങ്കണവാടി ജീവനക്കാർക്കും, കോതമംഗലം സിഡിപിഒ പി.വി. ഷീല എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ മാമച്ചൻ ജോസഫ്, ജെസി സാജു, സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്, ജയിംസ് കോറന്പേൽ, അംഗങ്ങളായ ആനിസ് ഫ്രാൻസീസ്, നിസമോൾ ഇസ്മായിൽ, റ്റി.കെ. കുഞ്ഞുമോൻ, ലിസി ജോസഫ്, ബിഡിഒ ഡോ. എസ്. അനുപം, എഎക്സി. ധന്യ എ. ജനാർദ്ദനൻ, നിർവ്വഹണ ഉദ്യോഗസ്ഥരായ പി.വി. ഷീല, ജിഷ ജോസഫ്, എം.പി. എൽദോസ്, ഡോ. അനില ബേബി, ഡോ. പി.എസ്. ശ്രിദേവി, എൽദോസ് പോൾ, കെ.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.