അഭിഭാഷകരെ ആക്രമിച്ച ഹോട്ടലുടമ അറസ്റ്റില്
1416164
Saturday, April 13, 2024 4:20 AM IST
കൊച്ചി: കോഴിക്കോട് സ്വദേശികളായ അഭിഭാഷകരെ ആക്രമിച്ച കേസില് ഹോട്ടലുടമ പിടിയിലായി. എറണാകുളം ബോള്ഗാട്ടി ജംഗ്ഷനിലുള്ള ബോള്ഗാട്ടി ഫുഡ് സ്റ്റാള് ഉടമ എളമക്കര കീര്ത്തീനഗര് സേഫ് വേ അപ്പാര്ട്ട്മെന്റില് കണ്ണാട്ടില് വീട്ടില് യൂസഫ് മുഹമ്മദി(41)നെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഹോട്ടല് പ്രവര്ത്തിച്ചിരുന്ന സ്ഥലം വാടകയ്ക്ക് എടുത്ത നച്കോ എന്ന കമ്പനിയുടെ മാനേജരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ കേസിലും ഇയാള് പ്രതിയാണ്. ഈ സംഭവത്തില് ഇയാളുടെ കൂട്ടുപ്രതികളായ വൈപ്പിന് എടവനക്കാട് മാളിയേക്കല് വീട്ടില് അലക്സ് ജസ്റ്റിന് (37), ആലുവ അശോകപുരം നടപറമ്പ് റോഡില് ജല്മാബി വീട്ടില് അനൂപ് എന്നിവരെയും പോലീസ് പിടികൂടി.
കഴിഞ്ഞ ഡിസംബര് മൂന്നിനാണ് അഭിഭാഷകര്ക്ക് മര്ദനമേറ്റത്. ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ അഭിഭാഷകരുടെ ഇരചക്ര വാഹനം യൂസഫിന്റെ സുഹൃത്തുക്കള് തള്ളിമറിച്ചിട്ടത് ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് ഹോട്ടലുടമയും ജോലിക്കാരും സുഹൃത്തുക്കളുംകൂടി അഭിഭാഷകരെ ആക്രമിച്ചത്.
സംഭവത്തിന് ശേഷം ഒളിവില് പോയ യൂസഫ് നച്കോ കമ്പനിയുടെ മാനേജരെ ഫോണിലൂടെയും കൂട്ടാളികളെ കമ്പനിയുടെ ഓഫീസിലേക്ക് പറഞ്ഞയച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തില് പരാതി ലഭിച്ചതിനെ തുടര്ന്ന് അന്വേഷണം ഊര്ജിതമാക്കിയ മുളവുകാട് പോലീസ് പച്ചാളം അയ്യപ്പന്കാവില് വച്ച് കാറില് സഞ്ചരിക്കുകയായിരുന്ന പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
ഇയാളോടൊപ്പം നച്കോ കമ്പനി മാനേജറെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളും കാറിലുണ്ടായിരുന്നു. തുടര്ന്ന് ഇവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതിയുടെ പക്കല് നിന്നു ലഹരിമരുന്നും കണ്ടെടുത്തു. അഭിഭാഷകരെ മര്ദിച്ച കേസിലെ കൂട്ടുപ്രതികളായ എറണാകുളം സ്വദേശി തൗഫീഖ്, ഹോട്ടല് മാനേജര് മുളവുകാട് കല്ലറക്കല് വീട്ടില് ശ്രീലക്ഷ്മി (37) എന്നിവര്ക്കായി പോലീസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.
മുളവുകാട് ഇന്സ്പെക്ടര് വി.കെ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.