ഒരു നൂറ്റാണ്ട് തണലേകിയ മാവിന് ഒരു രാത്രികൂടി ആയുസ് നീട്ടിക്കിട്ടി
1396090
Wednesday, February 28, 2024 3:55 AM IST
കോലഞ്ചേരി: നൂറ്റാണ്ട് പഴക്കമുള്ള കായ്ഫലം തരുന്ന നാട്ടുമാവ് മുറിച്ച് മാറ്റുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചതോടെ മുത്തച്ഛൻ മാവിന് ഒരു രാത്രികൂടി ആയുസ് നീട്ടിക്കിട്ടി. നാഷണൽ ഹൈവേയിൽ റോഡ് വികസനത്തിന്റെ പേരിൽ നടക്കുന്ന മരംകൊള്ള അംഗീകരിക്കാനാവില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.
കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ തിരുവാങ്കുളം മുതൽ മൂവാറ്റുപുഴ വരെ നൂറ്റാണ്ട് പഴക്കമുള്ള കൂറ്റൻ മരങ്ങളാണ് വികസനത്തിന്റെ മറവിൽ വെട്ടിമാറ്റുന്നത്.മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമേന്തി സ്ഥലത്ത് നിലയുറപ്പിച്ച പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തെതുടർന്ന് മരം മുറിക്കുന്നത് നിർത്തിവച്ചു.
പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി. ഇന്ന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി കൈമാറുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.