കൂട്ടുകാർക്കിടയിൽ ഗോളി ആകാൻ അഭിനവ് ഇനിയില്ല...
1301860
Sunday, June 11, 2023 7:08 AM IST
കരുമാലൂർ: ക്ഷേത്ര മൈതാനിയിൽ ഫുട്ബോൾ കളിക്കുമ്പോൾ കൂട്ടുകാരുടെ ഇടയിൽ ഗോളിയാകാൻ അഭിനവ് ഇനിയില്ല. ഇന്നലെ ഉച്ചയോടെ പെട്ടെന്നുണ്ടായ കാറ്റിൽ ആൽമരം ഒടിഞ്ഞ് വീണാണ് അഭിനവിന്റെ ജീവൻ നഷ്ടമായത്. ആൽമരം വീഴുന്നതു കണ്ട് കൂടെ കളിച്ച കൂട്ടുകാർ നിസാഹയരായി നോക്കി നിൽക്കാനേ സാധിച്ചുള്ളു.
അവന് ഓടി മാറാൻ കഴിഞ്ഞില്ലെന്നും അവൻ നിന്നിരുന്ന സ്ഥലത്തേക്കാണ് ആൽമരത്തിന്റെ ചില്ല വന്നടിച്ചതെന്നും കൂടെ കളിച്ചിരുന്ന കൂട്ടുകാർ പറയുന്പോഴും അവരുടെ മുഖത്ത് ഭീതിയും ദുഃഖവും പ്രകടം. സംഭവം നടന്ന ഉടൻ കുട്ടികളുടെ കൂട്ടക്കരച്ചിൽ മാത്രമേ മൈതാനത്ത് കേട്ടിരുന്നുള്ളുവെന്ന് പ്രദേശവാസികൾ പറയുന്നു.
വെളിയത്തുനാട് വെള്ളാം ഭഗവതി ക്ഷേത്രമൈതാനിയിലാണു ഇവർ ഒത്തുകൂടി സ്ഥിരമായി കളിക്കാറ്.
ഇന്നലെ അവധി ദിനമായതിനാൽ പതിവുപോലെ എല്ലാവരും രാവിലെ തന്നെ ഒത്തുകൂടിയിരുന്നു. മഴ മാറിയതോടെ ഫുട്ബോൾ കളിയാരംഭിച്ചു. എന്നാൽ പെട്ടെന്നു ശക്തമായ കാറ്റു വീശിയടിക്കുകയും ആൽമരത്തിന്റെ ഒരു വലിയഭാഗം ഒടിഞ്ഞുവീഴുകയുമായിരുന്നു.
അഭിനവ് ആൽമരത്തിനു സമീപത്തായി ഗോൾ കീപ്പറായാണു നിന്നിരുന്നത്. അതിനാൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുന്നേ ശരീരത്തിലേക്കു മരം ഒടിഞ്ഞു വീണു. കൂടാതെ തൊട്ടടുത്തു നിന്ന ആദിദേവിനും സച്ചിനുംസരമായി പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിനു ശേഷം പിന്നീട് തിരികെയെത്തിയപ്പോഴാണ് ഉറ്റസുഹൃത്തിനെ നഷ്ടപ്പെട്ട കാര്യം കൂട്ടുകാർ മനസിലാക്കുന്നതും. പത്തുപേരായിരുന്നു കളിക്കാൻ ഉണ്ടായിരുന്നത്. മൈതാനത്തിന്റെ സമീപത്താണ് അഭിനവിന്റെ വീട്. അഭിനവ് ഗോളിയായി നിന്നിരുന്ന സ്ഥലത്ത് ഒരു വശത്ത് വീടും മറുവശത്ത് വീടിന്റെ മതിൽ കെട്ടുമാണ്.
കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ശിഖരങ്ങൾക്കിടയിൽപ്പെട്ട കുട്ടികളെ
കരുമാലൂർ: മരമൊടിഞ്ഞുവീഴുന്ന ശബ്ദവും കുട്ടികളുടെ നിലവിളിയും കേട്ടാണ് മില്ലുപടിയിലെ നാട്ടുകാർ ഓടിയെത്തിയത്. മില്ലുപടി വെള്ളാംഭഗവതി ക്ഷേത്രത്തിന്റെ മൈതാനത്തിൽ ചിതറിക്കിടക്കുന്ന ശിഖരങ്ങൾക്കിടയിൽ ഒരുജീവനും പെട്ടിട്ടുണ്ടാകരുതേയെന്നായിരുന്നു ഇവരുടെ പ്രാർഥന. പക്ഷേ, വീണുകിടന്ന ശിഖരങ്ങൾക്കടിയിൽ മൂന്നുകുട്ടികളാണ് കുടുങ്ങിയത്. ഇവരെ ഉടൻ തന്നെ എടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അഭിനവിന്റെ ജീവൻ രക്ഷിക്കാനായില്ല.
കുറ്റൻ ആൽമരം ആയതിനാൽ രക്ഷാപ്രവർത്തനം വളരെ പ്രയാസമായിരുന്നു. കൂടുതൽ കുട്ടികൾ മരത്തിനടിയിൽ പെട്ടിട്ടുണ്ടോയെന്ന സംശയവും നാട്ടുകാർക്ക് ഉണ്ടായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചു. ആലുവയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരാണു മരം മുറിച്ചു നീക്കി രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി.ടി. സുരേഷ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.