വയോധികർക്ക് താങ്ങും തണലുമായി തറവാട് വീട്
1480840
Thursday, November 21, 2024 7:32 AM IST
തൊടുപുഴ: വൃദ്ധ മാതാപിതാക്കളെ അവരുടെ വീടുകളിൽ തന്നെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ലൗലി ഹോം ചാരിറ്റീസിനു കീഴിൽ തറവാട് വീടെന്ന സ്ഥാപനം ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും.
കാരിക്കോടുള്ള റിട്ട. എസ്ബിഐ ഉദ്യോഗസ്ഥൻ വി.ജെ.മാണിയുടെ വീട്ടിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കെയർ ആന്‍ഡ് സർവീസ്, ഭക്ഷണ സാധനങ്ങൾ, മരുന്ന് എന്നിവ വീട്ടിൽ എത്തിച്ചുനൽകുക, വീടും പരിസരവും വൃത്തിയാക്കുക, രോഗികളായവരെ ആശുപത്രിയിലെത്തിച്ച് ചികിൽസാ സൗകര്യം ഒരുക്കുക, മാസത്തിലൊരിക്കൽ സൗജന്യ ഹെൽത്ത് ചെക്കപ്പ്, ലാബ് പരിശോധന, അത്യാവശ്യ ഘട്ടങ്ങളിൽ നഴ്സ്, ഡോക്ടർ എന്നിവരുടെ സേവനം വീടുകളിൽ ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങളും തറവാട് വീടിന്റെ നേതൃത്വത്തിൽ ഒരുക്കും.
ഓഫീസിൽ റീഡിംഗ് റൂം, ലൈബ്രറി, റിക്രിയേഷൻസ് സൗകര്യങ്ങളും സജ്ജീകരിക്കും. സൈക്കോതെറാപ്പിസ്റ്റ്, കൗണ്‍സലിംഗ് തെറാപ്പിസ്റ്റിന്റെ സേവനങ്ങൾ എന്നീ സേവനങ്ങളും ഉറപ്പാക്കും.
വീടുകളിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും എത്തിച്ചുനൽകും. ഇതിനു പുറമേ ജന്മദിനം, വിവാഹവാർഷികം തുടങ്ങിയ ആഘോഷപരിപാടികൾ, മാനസികോല്ലാസ യാത്രകൾ, തീർഥാടനം എന്നിവയും വയോധികർക്കായി വിഭാവനം ചെയ്യുന്നുണ്ട്. സേവനത്തിനായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഓഫീസ് സംവിധാനവും ഏർപ്പെടുത്തും.