രണ്ടാംനമ്പര്‍ പെരുന്ന ബസ് സ്റ്റാന്‍ഡ് നാശോന്മുഖം : സാമൂഹ്യവിരുദ്ധർ സ്റ്റാൻഡ് വിടണം
1592959
Friday, September 19, 2025 7:39 AM IST
ചങ്ങനാശേരി: അറ്റകുറ്റപ്പണികളില്ല, ശുചീകരണവുമില്ല, നോക്കാനും പറയാനും ആളുമില്ല. രണ്ടാംനമ്പര്‍ പെരുന്ന ബസ് സ്റ്റാന്‍ഡ് നാശോന്മുഖം. യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ തകര്‍ന്ന നിലയിലായിട്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു. രാത്രികാലങ്ങളില്‍ വേണ്ടത്ര വെളിച്ചമില്ല.
പകലും രാത്രിയും മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെയും വിഹാര കേന്ദ്രമാണ്. ഭിക്ഷാടന മാഫിയകളും ഈ ബസ് സ്റ്റാന്‍ഡ് താവളമാക്കുകയാണ്. ഇവരുടെ കിടപ്പും അലക്കും കുളിയും ഉറക്കവുമെല്ലാം ഇവിടെത്തന്നെയാണ്.
ബസ് സ്റ്റാന്‍ഡ് കോംപ്ലക്സിന്റെ ഇടനാഴികളിലേക്കും വരാന്തകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലെ സാധനസാമഗ്രികളും ബോര്‍ഡുകളും ഇറക്കിവച്ചിരിക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 2002 ൽ ആണ് നഗരസഭ പെരുന്നയില്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിച്ചത്.
പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കണം
സാമൂഹ്യവിരുദ്ധ ക്രിമിനല്‍സംഘങ്ങള്‍ താവളമാക്കിയ സാഹചര്യത്തില്‍ പെരുന്ന ബസ് സ്റ്റാന്‍ഡില്‍ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. നൂറിലേറെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും ഓപ്പറേറ്റ് ചെയ്യുന്ന ഈ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്നുണ്ട്.
വൈകുന്നേരങ്ങളില്‍ കുട്ടിക്കുറ്റവാളി സംഘങ്ങളെത്തുന്നതും പെണ്‍കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും ശല്യമാണ്. ഇക്കൂട്ടരില്‍ ചിലര്‍ ലഹരി വില്‍പ്പന നടത്തുന്നതായും സൂചനകളുണ്ട്. ഇവിടത്തെ പോലീസ് എയ്ഡ്പോസ്റ്റ് പലപ്പോഴും അടഞ്ഞുകിടക്കുകയാണ്.
ആര്‍ക്കും വേണ്ടാതെ ഒരു ഓഡിറ്റോറിയം
ബസ് സ്റ്റാന്‍ഡ് കോംപ്ലക്സിന്റെ മുകളില്‍ പത്തുവര്‍ഷംമുമ്പ് ഇഎംഎസിന്റെ പേരിൽ ഓഡിറ്റോറിയം നിര്‍മിച്ചെങ്കിലും നഗരസഭയ്ക്ക് വാടക നല്കി വിരലിലെണ്ണാവുന്ന പരിപാടികള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്.
നിര്‍മാണത്തിന് ഒന്നരക്കോടിയോളം രൂപ മുടക്കിയെങ്കില്‍ കാര്യമായ ഒരുവരുമാനവും ഈ ഓഡിറ്റോറിയത്തില്‍നിന്നു ലഭിച്ചിട്ടില്ല. നഗരസഭയുടെ കേരളോത്സവം പോലുള്ള പരിപാടികള്‍ മാത്രമാണ് ഇവിടെ നടക്കാറുള്ളത്. ഓഡിറ്റോറിയത്തിലെ എസികള്‍ തുരുന്പെടുത്ത നിലയിലും സീലിംഗ് പൊളിഞ്ഞനിലയിലുമാണ്.
ദുര്‍ഗന്ധപൂരിതം
ഓഡിറ്റോറിയത്തിന് അകത്തും പുറത്തും പ്രാവും മറ്റ് പക്ഷികളും കാഷടമിട്ട് ദുര്‍ഗന്ധപൂരിതമാണ്. ഒന്നാംനിലയില്‍ കടമുറികളില്ലാതെ കിടക്കുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. ഒരു ഭാഗത്ത് പ്ലാസ്റ്റിക് കുപ്പികളുടെ കൂമ്പാരമാണ്. ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് സാംക്രമിക രോഗങ്ങള്‍ പടരാന്‍ ഇടയുണ്ടെന്നാണ് ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബര്‍ രണ്ടുവരെ നഗരസഭ ആഘോഷിക്കുന്ന സ്വച്ഛത ഹി സേവ കാമ്പയിനിലെങ്കിലും ഈ ബസ് സ്റ്റാന്‍ഡ് ഒന്നു തൂത്തുവാരുമോ എന്ന ചോദ്യമാണ് യാത്രക്കാരുടെ ഇടയില്നിന്നുയരുന്നത്.
ഓഡിറ്റോറിയം നിറഞ്ഞ് മാലിന്യസംസ്കരണ ബിന്നുകള്‍
നഗരസഭ ലക്ഷക്കണക്കിനു രൂപ മുടക്കി വീടുകളിലെ ഉറവിട മാലിന്യസംസ്കരണത്തിനായി വാങ്ങിക്കൂട്ടിയ ബിന്നുകള്‍ പെരുന്ന ബസ് സ്റ്റാന്‍ഡിനു മുകളിലുള്ള ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നിറച്ചിരിക്കുകയാണ്. രണ്ട് ലെയര്‍ ഡ്രം, മൂന്നു ലെയര്‍ ഡ്രം എന്നിങ്ങനെ രണ്ട് ഇനങ്ങളിലായി വീടുകളില്‍ നല്‍കുന്നതിനായി വാങ്ങിയ നൂറുകണക്കിന് ഉറവിട മാലിന്യസംസ്കരണ ബിന്നുകളാണ് ഓഡിറ്റോറിയത്തില്‍ വച്ചിരുക്കുന്നത്.
നഗരസഭയുടെ പ്രോജക്ട്പ്രകാരം ഗുണഭോക്താക്കളില്‍നിന്ന് അപേക്ഷകള്‍ സ്വീകരിച്ചാണ് പണംമുടക്കി ബിന്നുകള്‍ വാങ്ങിയത്. ആദ്യം ഈ ബിന്നുകള്‍ പെരുന്നയിലെ നഗരസഭാ സെക്രട്ടറിയുടെ ക്വാര്‍ട്ടേഴ്സിലാണ് സൂക്ഷിച്ചിരുന്നത്. പുതിയ സെക്രട്ടറി താമസത്തിനായി എത്തിയതോടെയാണ് ഈ ബിന്നുകള്‍ ഇഎംഎസ് ഓഡിറ്റോറിയത്തില്‍ സ്ഥാനം പിടിച്ചത്. നടപടിക്രമങ്ങളിലെ കാലതാമസമാണ് ബിന്നുകള്‍ ഓഡിറ്റോറിയത്തില്‍ കുന്നുകൂടിക്കിടക്കാന്‍ കാരണമെന്നാണ് നഗരസഭാധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
2014 കാലഘട്ടത്തില്‍ നഗരസഭ വാങ്ങിക്കൂട്ടിയ മാലിന്യ സംസ്കരണ ബിന്നുകൾ എസ്ബി കോളജിനു സമീപത്തുള്ള മുനിസിപ്പല്‍ ടൗണ്‍ഹാളിന്റെ ബാല്‍ക്കണിയിലും കൂട്ടിയിട്ടിട്ടുണ്ട്.