വൈക്കം-വെച്ചൂർ റോഡിൽ വൻ കുഴികൾ; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
1592956
Friday, September 19, 2025 7:39 AM IST
വൈക്കം: വൈക്കം -വെച്ചൂർ റോഡ് വൻ കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുരിതപൂർണമായി. തകർന്ന റോഡിൽ വൻ ഗതാഗതകുരുക്കും വാഹനാപകടങ്ങളും പതിവാണ്. വൈക്കത്തുനിന്നു കോട്ടയം, കുമരകം, ചേർത്തല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
ആലപ്പുഴയിൽ ദേശിയപാതയുടെ നിർമാണം നടക്കുന്നതിനാൽ നിർമാണസാമഗ്രികളുമായി ടോറസടക്കം നൂറുകണക്കിനു ഭാരവണ്ടികൾ കടന്നുപോകുന്നതും റോഡ് തകരുന്നതിനിടയാക്കി.
മഴ കനത്തതോടെ റോഡിലുടനീളം വൻകുഴികൾ രൂപപ്പെട്ടു. 13 കിലോമീറ്റർ ദൂരമുള്ള റോഡിലെ തോട്ടകം പള്ളി മുതൽ മാടപ്പള്ളി ഭാഗം വരെ റോഡിൽ അഗാധമായ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. അടിയന്തരമായി റോഡിലെ കുഴിയടച്ചു സഞ്ചാരയോഗ്യമാക്കാൻ സി.കെ. ആശ എംൽഎ നടപടി സ്വീകരിച്ചില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്ന് കോൺഗ്രസ് വൈക്കം ബ്ലോക്ക് വൈസ് പ്രസിഡന്റ് യു. ബേബി അറിയിച്ചു.