മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാംചരമ വാര്‍ഷികം 18ന്
1533245
Saturday, March 15, 2025 7:23 AM IST
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികം 18ന്. അന്നു രാവിലെ ഏഴിന് അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ വിശുദ്ധകുര്‍ബാനയും കബറിടത്തില്‍ ഒപ്പീസും നടക്കും. ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും.
ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഏകദിന സിമ്പോസിയം ഇന്ന് അതിരൂപതാകേന്ദ്രത്തിലെ സന്ദേശനിലയം എല്‍ആര്‍സി ഹാളില്‍ നടത്തും. രാവിലെ 9.45ന് ആരംഭിക്കുന്ന സിമ്പോസിയം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. "ആരാധനക്രമ പരിശീലനം സഭയില്‍: പവ്വത്തില്‍ പിതാവിന്റെ ദര്‍ശനവും കാഴ്ചപ്പാടും’ എന്ന വിഷയത്തെ ആസ്പദമാക്കി വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രഫസര്‍ റവ.ഡോ. ഡൊമിനിക് മുര്യങ്കാവുങ്കല് പ്രബന്ധം അവതരിപ്പിക്കും. ഡോ.പി.സി. അനിയന്‍കുഞ്ഞ് മോഡറേറ്ററായിരിക്കും.
"ദസിദേരിയോ ദെസിദരാവിയും: ആരാധനാക്രമ രൂപീകരണത്തിന്റെ അനിവാര്യതയും’ എന്ന വിഷയത്തില്‍ ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് പ്രബന്ധം അവതരിപ്പിക്കും. സിഎംസി സന്യാസിനി സമൂഹത്തിന്റെ പ്രോവിന്ഷ്യല് സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ സോഫി റോസ് സിഎംസി മോഡറേറ്ററായിരിക്കും. "വിശ്വാസരൂപീകരണം ആരാധനക്രമത്തിലൂടെ’ എന്ന വിഷയത്തില്‍ ഉജ്ജയിന്‍ റൂഹാലയ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസര്‍ റവ.ഡോ. ലോനപ്പന് അരങ്ങാശേരി പ്രബന്ധം അവതരിപ്പിക്കും.
ചങ്ങനാശേരി അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ആന്റണി എത്തയ്ക്കാട്ട് മോഡറേറ്ററായിരിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്‍കും. റവ.ഡോ തോമസ് കറുകക്കളം, ഫാ. ജോര്‍ജ് വല്ലയില്‍ എന്നിവര്‍ പ്രസംഗിക്കും. 3.30ന് സിമ്പോസിയം സമാപിക്കും.