ആമ്പല്‍ വസന്തത്തിലേക്ക് അതിവേഗമെത്താം; മലരിക്കലില്‍ പുത്തൻ റോഡ് പൂര്‍ത്തിയായി
1533225
Saturday, March 15, 2025 7:05 AM IST
കോട്ടയം: ആമ്പല്‍ വസന്തത്തിലേക്ക് ഇനി അതിവേഗമെത്താം. കുരുക്കും കുഴികളുമില്ലാതെ ഇരുവശത്തേക്കും സുഗമമായി പോകാനാവുംവിധം ആധുനിക നിലവാരത്തില്‍ മലരിക്കലേക്കുള്ള വഴിയൊരുങ്ങി. കാഞ്ഞിരം പാലം മുതല്‍ മലരിക്കല്‍ വരെ 1.4 കിലോമീറ്റര്‍ നീളത്തിലുള്ള റോഡ് ബിഎംബിസി നിലവാരത്തില്‍ അഞ്ചുകോടി രൂപ ചെലവിട്ടാണ് നവീകരിച്ചത്. നബാര്‍ഡ് ഫണ്ടുപയോഗിച്ചാണ് റോഡ് നവീകരണം.
മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് നടക്കുന്ന സമയങ്ങളില്‍ റോഡിന്റെ വീതിക്കുറവ് വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശമായതിനാല്‍ മഴക്കാലത്തു ഗതാഗത തടസവും ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ക്കാണ് റോഡ് ഉയര്‍ത്തി ആധുനികരീതിയില്‍ പണിതീര്‍ത്തു ശാശ്വത പരിഹാരമൊരുക്കിയത്.
മലരിക്കലെ ആമ്പല്‍ വസന്തത്തിനൊപ്പം ഗ്രാമീണ ടൂറിസം സാധ്യതകളും വളര്‍ന്നതോടെ റോഡ് സൗകര്യം വികസിപ്പിക്കണമെന്ന ആവശ്യം പ്രദേശവാസികളില്‍നിന്ന് ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണു മന്ത്രി വി.എന്‍. വാസവന് സര്‍ക്കാരിനു പദ്ധതി സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നബാര്‍ഡ് വഴി അഞ്ചുകോടി രൂപ റോഡ് നിര്‍മാണത്തിനായി അനുവദിച്ചത്.
വെള്ളപ്പൊക്കത്തെ മറികടക്കാന്‍ റോഡ് നിലവിലെ മൂന്നര മീറ്ററില്‍നിന്ന് അഞ്ച് മീറ്ററായി ഉയര്‍ത്തി. ആമ്പല്‍ ഫെസ്റ്റ് നടക്കുന്ന പ്രധാന ടൂറിസം പ്രദേശങ്ങളില്‍ 640 മീറ്റര്‍ ദൂരം റോഡിന്റെ വശങ്ങളില് മണ്ണിട്ടുയര്‍ത്തി 12 മീറ്റര്‍ വീതിയില്‍ റോഡിന് സ്ഥലലഭ്യത ഉറപ്പുവരുത്തി. ഈ ഭാഗം പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിച്ചിട്ടുമുണ്ട്.
റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള റോഡ് മാര്‍ക്കിംഗ്, ക്രാഷ് ബാരിയര്‍, സൈന്‍ ബോര്‍ഡുകള്‍, ഡെലിനേറ്റര്‍ പോസ്റ്റുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ജെ-ബ്ലോക്ക്, തിരുവായ്ക്കരി നെല്‍പ്പാടങ്ങളില്‍ 2800 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് ആമ്പല്‍ കൂട്ടമായി വിരിയുന്നത്.
തദ്ദേശീയ ജനതയ്ക്ക് ടൂറിസത്തിലൂടെ മികച്ച വരുമാനം ലഭിക്കുന്ന ജല ടൂറിസം പദ്ധതിയാണ് വര്‍ഷാവര്‍ഷം നടക്കുന്ന ആമ്പല്‍ ഫെസ്റ്റ്. ജില്ലയിലെപ്രധാന നെല്‍കൃഷി പ്രദേശമായതിനാല്‍ കര്‍ഷകര്‍ക്കും റോഡ് ഏറെ പ്രയോജനം ചെയ്യും.