അതിരമ്പുഴ പഞ്ചായത്ത് ഡിജിറ്റലാകും
1515401
Tuesday, February 18, 2025 4:49 AM IST
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിനെ സംബന്ധിച്ച ഏതു വിവരങ്ങളും വിരൽത്തുമ്പിൽ അറിയാം. പഞ്ചായത്തിന്റെ ആസ്തികൾ സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. വീടുകൾ, കെട്ടിടങ്ങൾ, റോഡുകൾ, തോടുകൾ, പൊതുകുളങ്ങൾ, കിണറുകൾ, കലുങ്കുകൾ, കനാലുകൾ, പൊതുടാപ്പുകൾ, സർക്കാർ ഭൂമികൾ, സ്ട്രീറ്റ് ലൈറ്റുകൾ തുടങ്ങിയവയടങ്ങുന്ന ആസ്തികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ രൂപത്തിലാക്കുന്നതിനുള്ള ജിഐഎസ് മാപ്പിംഗ്, ഡ്രോൺ മാപ്പിംഗ് പദ്ധതി ആരംഭിച്ചു കഴിഞ്ഞു.
22 വാർഡുകളിലും ഭവനങ്ങൾ സന്ദർശിച്ച് സാമൂഹിക സാമ്പത്തിക സർവേയും ഓരോ വാർഡിലും ഡ്രോൺ മാപ്പിംഗും നടത്തും. പ്രവർത്തനങ്ങൾ പൂർത്തിയാക്കി മേയ് മാസത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ അതിരമ്പുഴ പഞ്ചായത്ത് ഡിജിറ്റൽ യുഗത്തിലേക്ക് കടക്കും.
ആസ്തികളുടെ വിവരശേഖരണം നടത്തുന്നതിലൂടെ ഇതുവരെ നടപ്പാക്കിയ പദ്ധതികളും അവയ്ക്ക് ചെലവഴിച്ച തുകയും അടിസ്ഥാന വിവരങ്ങളായി രേഖപ്പെടുത്തും. ആസ്തികളുടെ നിജസ്ഥിതി കൃത്യമായി മനസിലാക്കുന്നത് പുതിയ പദ്ധതികൾക്കു രൂപം നൽകുന്നത് എളുപ്പമാക്കും. ഓരോ വർഷവും പുതിയതായി നിർമിക്കുന്ന എല്ലാ ആസ്തികളും ഇതിനോട് കൂട്ടിച്ചേർക്കുന്നതിനും വികസന പ്രക്രിയ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും സാധിക്കും.
ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ സഹായത്തോടെയാണ് അടിസ്ഥാന രേഖകൾ തയാറാക്കി സൂക്ഷിക്കുന്നത്. സർക്കാർ അംഗീകൃത ഏജൻസിയായ സെന്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ് എന്ന സ്ഥാപനം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിമി സജി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫസീന സുധീർ, ജയിംസ് തോമസ്, ഹരിപ്രകാശ് കെ. നായർ, മെംബർമാരായ രജിത ഹരികുമാർ, ബിജു വലിയമല, അമുദ റോയി, ഡെയ്സി ബെന്നി, ഐസി സാജൻ, അശ്വതിമോൾ, രാജമ്മ തങ്കച്ചൻ, സെക്രട്ടറി നിസി ജോൺ, ഡിജിറ്റൽ കോ-ഓർഡിനേറ്റർ ജയരാജ് എന്നിവർ പ്രസംഗിച്ചു.