നമ്പ്യാകുളം-വേദഗിരി റോഡ് നവീകരണത്തിന് തുടക്കം
1515392
Tuesday, February 18, 2025 4:49 AM IST
കടുത്തുരുത്തി: ഉന്നത നിലവാരത്തില്‍ വികസിപ്പിക്കാന്‍ തീരുമാനിച്ച നമ്പ്യാകുളം-വേദഗിരി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. നമ്പ്യാകുളം മുതല്‍ വേദഗിരി ജംഗ്ഷന്‍വരെ 2.08 കിലോമീറ്റര്‍ ദൂരം ബിഎം ആന്‍ഡ് ബിസി ഉന്നതനിലവാരത്തിലുള്ള ടാറിംഗ് പ്രോജക്ടാണ് ഇവിടെ നടപ്പാക്കുകയെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. ഇതിനു മുന്നോടിയായി നിലവിലുള്ള റോഡ് ഇളക്കിമാറ്റുന്ന ജോലികള്‍ക്കാണ് തുടക്കം കുറിച്ചത്.
നമ്പ്യാകുളം റെയില്‍വേഗേറ്റ് മുതല്‍ വേദഗിരിയിലേക്കുള്ള ഭാഗത്താണ് പ്രാഥമിക ജോലികള്‍ ആരംഭിച്ചത്. ഏപ്രിലില്‍ ടാറിംഗ് ജോലികള്‍ തുടങ്ങാന്‍ കഴിയുന്ന വിധത്തില്‍ പ്രവൃത്തിയുടെ പട്ടിക തയാറാക്കാന്‍ ഇതു സംബന്ധിച്ച് വിളിച്ചുചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പില്‍നിന്ന് അനുവദിച്ച 3.30 കോടി രൂപ വിനിയോഗിച്ചാണ് നമ്പ്യാകുളം-വേദഗിരി റോഡ് ഉന്നത നിലവാരത്തില്‍ നവീകരിക്കുന്നത്. ഏറ്റുമാനൂര്‍ ടൗണിലെ ഗതാഗതത്തിരക്ക് ഒഴിവാക്കി കടുത്തുരുത്തി-കോട്ടയം മെയിന്‍ റോഡില്‍നിന്നു കോട്ടയം മെഡിക്കല്‍ കോളജ്, ഇഎസ്ഐ ആശുപത്രി, എംജി യൂണിവേഴ്സിറ്റി ആസ്ഥാനം, അതിരമ്പുഴ, മാന്നാനം എന്നീ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ബൈപാസ് ലിങ്ക് റോഡിന്റെ പ്രയോജനം പുതിയ വികസന പദ്ധതി നടപ്പാക്കുന്നതിലൂടെ യാഥാര്‍ഥ്യമാകും.