നഴ്സിംഗ് കോളജ് റാഗിംഗ്: പ്രതികളെ നാളെ കസ്റ്റഡിയില്‍ വാങ്ങും
1515144
Monday, February 17, 2025 11:52 PM IST
കോട്ടയം: ഗവ. നഴ്സിംഗ് കോളജ് ഹോസ്റ്റിലിലെ റാഗിംഗ് കേസ് പ്രതികളെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഗാന്ധിനഗര്‍ പോലീസ് ഏറ്റുമാനൂര്‍ കോടതിയില്‍ നല്കിയ അപേക്ഷ നാളെ പരിഗണിക്കും. അനുമതി ലഭിച്ചാല്‍ നാളെ ഉച്ചകഴിഞ്ഞ് പ്രതികളെ ഹോസ്റ്റലില്‍ പീഡനം നടത്തിയ മുറിയിലും മറ്റിടങ്ങളിലും കൊണ്ടുവരും.
സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന് (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), അസോസിയേഷന് അംഗങ്ങളായ മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്സണ് (20), വയനാട് നടവയല്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി. റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നിവരാണ് റിമാന്‍ഡിലുള്ളത്. പ്രതികളെല്ലാം മുന്‍പ് എസ്എഫ്ഐ പ്രവര്‍ത്തകരും ഭാരവാഹികളുമായിരുന്നു.
സിപിഎം പാര്‍ട്ടി ബന്ധത്തിലും സ്വാധീനത്തിലുമാണ് സംവരണ സീറ്റുകളില്‍ ഇവര്‍ നഴ്സിംഗ് പ്രവേശനം നേടിയതും. പ്രതികളെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നഴ്സിംഗ് കോളജ് മെന്‍സ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ പതിമൂന്നാം നമ്പര്‍ മുറിയിലാണ് പീഡനത്തിന് ഉപയോഗിച്ച സാമഗ്രികള്‍ സൂക്ഷിച്ചിരുന്നത്.
ഏലപ്പാറ സ്വദേശിയായ വിദ്യാര്‍ഥിക്ക് പുറമെ നാലുപേര്‍ ജൂണിയര്‍ വിദ്യാര്‍ഥികള്‍കൂടി പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇവരുടെ മൊഴി അനുസരിച്ച് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. കോമ്പസിനും ബ്ലേഡിനും കത്തിക്കും ഏല്‍പ്പിക്കപ്പെട്ട മുറിപ്പാടുകള്‍ ഇവരെ കാണിച്ചു. വധശ്രമത്തിന് കേസെടുക്കാന്‍ വിധമുള്ള തെളിവുകളാണിത്. പീഡനത്തില്‍ ഒന്‍പത് പേരുണ്ടെന്നും ഉന്നത സ്വാധീനത്തില്‍ നാലു പേര് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടെന്നും സൂചനയുണ്ട്. പ്രതിഷേധ സാധ്യത മുന്‍നിർത്തി പ്രതികളെ കനത്ത പോലീസ് സുരക്ഷയിലായിരിക്കും തെളിവെടുപ്പിന് കൊണ്ടുവരിക. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, എബിബിപി, യുവമോര്‍ച്ച പ്രവര്‍ത്തവര്‍ സംഘടിക്കുമെന്നതിനാല് ഹോസ്റ്റല്‍ പ്രദേശം ബാരിക്കേഡ് കെട്ടി തിരിക്കും.
കേസ് ഒതുക്കാന്‍
സമ്മര്‍ദം
കോട്ടയം: കേസ് ഒതുക്കിത്തീര്‍ക്കാന്‍ പല തലങ്ങളില്‍ നീക്കം. അതിക്രമത്തിനിരയായ വിദ്യാര്‍ഥികളിലും ഇടത് അനുഭാവികളുള്ളതിനാല് പരാതി പറഞ്ഞുതീര്‍ക്കാന്‍ ഉന്നത നേതാക്കള്‍ ഇവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടതായാണ് സൂചന.
സിപിഎം ഏരിയ, ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതികള്‍ സജീവപ്രവര്ത്തകരായിരുന്നെന്നാണ് മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നത്. സമ്മേളന ദിവസങ്ങളില്‍ പ്രതികള്‍ നഴ്സിംഗ് കോളജില്‍ എത്തിയിരുന്നില്ല. രാത്രി ഹോസ്റ്റലിലും ഉണ്ടായിരുന്നില്ല. അതേസമയം പ്രതികള്‍ക്ക് സിപിഎം ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റ് നേതാക്കളും ആവര്‍ത്തിക്കുകയും ചെയ്യുന്നു. നാലു പേര് പരാതി നല്കി നല്‍കിയെങ്കിലും ഗാന്ധിനഗര്‍ പോലീസ് ഒരാളുടെ പരാതിയില്‍ മാത്രമാണ് കേസെടുത്തത്. വധശ്രമത്തിന് തുല്യമായ പീഡനകൃത്യങ്ങള് വിവരിച്ചെങ്കിലും കുറ്റം നിസാരവത്കരിക്കും വിധമാണ് പോലീസ് കേസെടുത്തത്.
ഏറ്റുമാനൂര്‍ കോടതിയില്‍ നല്കിയ എഫ്ഐആര്‍ പിന്നീട് തിരുത്തി മൊഴി പൂര്‍ണമായി ഉള്‍പ്പെടുത്തി നല്‍കിയത് ശക്തമായ പ്രതിഷേധത്തിനൊടുവിലാണ്. എഫ്ഐആര്‍ ദുര്‍ബലമാക്കിയതിനു പിന്നിലും പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായി. അതിക്രൂര മര്ദരുടെ നിരയില്‍ നാലു പേര്‍കൂടി ഉള്ളതായി പരിതിക്കാര് മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുണ്ടാകാതിരിക്കാനും കൂട്ടുപ്രതികളെ രക്ഷിക്കാനും നീക്കം നടക്കുന്നു.
മൂന്നു പ്രതികളെ
ബോസ്റ്റല്‍ സ്കൂളിലേക്ക് മാറ്റും
കോട്ടയം: റാഗിംഗ് പ്രതികളില്‍ 20 വയസില്‍ താഴെ പ്രായമുള്ള മൂന്നു പേരെ കാക്കനാട് സബ് ജയിലിനോടു ചേര്‍ന്നുള്ള ബോസ്റ്റല്‍ സ്കൂളിലേക്ക് മാറ്റും. കോട്ടയം സബ് ജയിലില്‍ സെല്ലിലുള്ള മുതിര്‍ന്ന കുറ്റവാളികളുമായി സമ്പര്‍ക്കം ഒഴിവാക്കാനാണ് ഈ സ്ഥാപനത്തിലേക്കു മാറ്റുന്നത്.
ബോസ്റ്റല്‍ സ്കൂളില്‍ കഴിയുന്നവരെ സെല്ലില്‍ അടയ്ക്കുന്ന പതിവില്ല. പകല്‍ ഇവര്‍ക്ക് ക്ലാസുകളും തൊഴില്‍ പരിശീലനവും വ്യായാമവും കൃഷിയും യോഗ പരിശീലനവും മറ്റും ഉണ്ടാകും. പ്രതികളില്‍ രാഹുല്‍രാജ്, വിവേക് എന്നിവരെ കോട്ടയം സബ് ജയിലില്‍ തന്നെ തുടര്‍ന്നും പാര്‍പ്പിക്കും
ആവർത്തിക്കുന്ന എസ്എഫ്ഐ ക്രൂരത:
ചാണ്ടി ഉമ്മന്റെ ഉപവാസസമരം ഇന്ന്
കോട്ടയം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐ ഗുണ്ടകളുടെ റാഗിംഗിനിരയായി മരിച്ച സിദ്ധാര്‍ഥിന്റെ വേര്പാടിന് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് ആവര്‍ത്തിക്കുന്ന എസ്എഫ്ഐ ക്രൂരതയില്‍ പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഇന്നു കോട്ടയത്ത് ഉപവാസം അനുഷ്ഠിക്കും.
കോട്ടയം ഗാന്ധിസ്ക്വയറില്‍ രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ഉപവാസസമരം വൈകുന്നേരം സമാപിക്കും. കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് കോട്ടയത്ത് കുറ്റവിചാരണ സദസും സംഘടിപ്പിക്കും.
കോട്ടയം പഴയ ബസ് സ്റ്റാന്‍ഡ് മൈതാനത്ത് വൈകുന്നേരം 4.30നു ചേരുന്ന പ്രതിഷേധ പരിപാടി തിരുവഞ്ചൂര്‍ രാധാകൃഷ്ണ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മന്‍ എംഎല്‍എ, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, നാട്ടകം സുരേഷ്, പി.എ. സലിം, ഫില്‍സണ്‍ മാത്യൂസ്, കുര്യന് ജോയി, ജോഷി ഫിലിപ്പ്, ടോമി കല്ലാനി തുടങ്ങിയവര്‍ പ്രസംഗിക്കും.