തീപിടിത്തം പതിവാകുന്നു; ആകെ വലഞ്ഞ് ഫയര്‍ഫോഴ്സ്
1514813
Sunday, February 16, 2025 11:53 PM IST
കോട്ടയം: പകല്‍ച്ചൂട് കത്തിക്കയറുന്നതോടെ ജില്ലയിലെ ഫയര്‍ഫോഴ്സ് നെട്ടോട്ടത്തില്‍. കഴിഞ്ഞ ദിവസങ്ങളിലായി ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്. ഇതോടെ ഫയര്‍ഫോഴ്സ് കിതയ്ക്കുകയാണ്.
കഴിഞ്ഞ ആഴ്ചയില്‍ ജില്ലയിലെ വിവിധ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ 15ല്‍പരം സ്ഥലങ്ങളിലുണ്ടായ തീണയച്ചു. വരും ദിവസങ്ങളിലും ചൂട് കനക്കാനുള്ള സാധ്യതയായതോടെ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ക്ക് വിശ്രമമില്ലാത്ത നാളുകളാണ്. മലയോരമേഖലകളിലെ റബര്‍ത്തോട്ടങ്ങളിലാണ് കൂടുതല്‍ തീപിടിത്തങ്ങള്‍ ഉണ്ടാകുന്നത്. പാടശേഖരങ്ങളിൽ തീ പടരുന്നതും പതിവാണ്.
കോട്ടയം, പാമ്പാടി, കടുത്തുരുത്തി, ഈരാറ്റുപേട്ട, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പാലാ എന്നിവിടങ്ങളിലാണ് ഫയര്സ്റ്റേഷനുകളുള്ളത്. ഈ സമയത്ത് ഇവര്‍ക്ക് ജോലിഭാരം ഇരട്ടിയാണ്.
ചിങ്ങവനം, ഏറ്റുമാനൂര്‍, കുമരകം, എരുമേലി, മുണ്ടക്കയം, കറുകച്ചാല്‍ എന്നിവിടങ്ങളിൽകൂടി ഫയര്‍ സ്റ്റേഷനുകള്‍ സ്ഥപിക്കണമെന്ന ആവശ്യത്തിനു നാളുകളുടെ പഴക്കമുണ്ട്. ജില്ലാ ഫയര്‍ഫോഴ്സില്‍ നിന്നും ശിപാര്‍ശ ഉണ്ടായിട്ടും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടായിട്ടില്ല.
കുമരകത്ത് ഫയര്സ്റ്റേഷന് സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലം കണ്ടെത്താനായിട്ടില്ല. കായല്‍ യാത്രയ്ക്കിടയില്‍ അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കോട്ടയത്തുനിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തേണ്ട സ്ഥിതിയാണ്. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നതിനാലാണ് ഇവിടെ ഫയര്സ്റ്റേഷന് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അപകടങ്ങളുണ്ടായാല്‍ മത്സ്യത്തൊഴിലാളികള്‍, ഹൗസ്ബോട്ട് ജീവനക്കാര്‍ എന്നിവരെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ആശ്രയിക്കുന്നത്.
എരുമേലിയില്‍ പുതിയ ഫയര്സ്റ്റേഷന് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടി മന്ദഗതിയിലാണ്.
ജീവനക്കാര്‍ കുറവ്
വാഹനങ്ങളുണ്ടെങ്കിലും ആവശ്യത്തിനു ഡ്രൈവര്‍മാരില്ലാത്തതാണ് ജില്ലയില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഡ്രൈവര്‍മാരുടെ ക്ഷാമംമൂലം രണ്ടോ മൂന്നോ ഫോണ്‍ കോളുകള്‍ ഒരുമിച്ചുവന്നാല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ പ്രതിസന്ധിയിലാകും.
ഈ സാഹചര്യത്തില്‍ ഇവര്‍ തൊട്ടടുത്ത ഫയര്‍ഫോഴ്സ് യൂണിറ്റുകളെ ആശ്രയിക്കുകയാണു ചെയ്യുന്നത്. ജില്ലയിലെ എട്ടു സ്റ്റേഷനുകളിലായി 60 ഡ്രൈവര്‍മാര്‍ ആവശ്യമാണെങ്കിലും നിലവിലുള്ളതു 42 പേര് മാത്രമാണ്. കോട്ടയം സ്റ്റേഷനില്‍ 15 വാഹനങ്ങളുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ ഏഴുപേര്‍മാത്രം. പാലായില്‍ ഏഴു വാഹനങ്ങള്‍ക്കു നാലും ചങ്ങനാശേരിയില്‍ ഏഴു വാഹനങ്ങള്‍ക്ക് ആറും ഡ്രൈവര്‍മാര്‍ മാത്രമാണുള്ളത്.
പാമ്പാടിയില്‍ ആറു വാഹനം ഓടിക്കാന്‍ അഞ്ചുപേരാണുള്ളത്. വൈക്കത്ത് ഏഴു പേര് വേണ്ടയിടത്ത് നാലും ഈരാറ്റുപേട്ടയില്‍ ആറിനു പകരം അഞ്ചും പേരാണുള്ളത്.
കാഞ്ഞിരപ്പള്ളിയില്‍ ഏഴു പേര് വേണമെന്നിരിക്കെ, അഞ്ചു ഡ്രൈവര്‍മാരാണുള്ളത്. കടുത്തുരുത്തിയില്‍ അഞ്ച് വാഹനങ്ങള്‍ക്കായി ആറു ഡ്രൈവര്‍മാരുണ്ട്.
ഒരു ദിവസം രാവിലെ 8.45ന് ജോലിക്കു കയറി പിറ്റേന്ന് രാവിലെ 8.45ന് ഇറങ്ങുന്ന രീതിയിലാണ് ഒരാളുടെ ഷിഫ്റ്റ്. പിറ്റേ ദിവസം അവധിയായിരിക്കും. ഇതിനിടെ ആരെങ്കിലും അവധി എടുത്താല്‍ കാര്യങ്ങള്‍ അടിമുടി താളംതെറ്റും. ജില്ലയില്‍ എല്ലാ ഫയര്‍ സ്റ്റേഷനുകളിലുമായി ഒമ്പത് ആംബുലന്‍സുകളാണുള്ളത്.
ചൂടുകൂടുന്നു;
ജാഗ്രത വേണം
രാവിലെ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് തുടര്‍ച്ചയായി
സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം
കുടിക്കണം
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്ബണേ
റ്റഡ് ശീതള പാനീയങ്ങള്‍ ഒഴിവാക്കണം.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്ക
ണം.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കണം.
കുടയോ തൊപ്പിയോ ഉപയോഗിക്കണം
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.
ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ കുടിക്കുക
കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍,
ഭിന്നശേഷിക്കാര്‍ തുടങ്ങിയവർ രാവിലെ 11 മുതല്‍ മൂന്നു
വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുക.
സമ്മേളനങ്ങള്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് ഒഴിവാ
ക്കുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍,
വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിയവരുടെ ജോലിസമയം
ക്രമീകരിക്കുക
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടരുത്.
കുട്ടികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവരെ പാര്‍ക്ക് ചെയ്ത
വാഹനങ്ങളില്‍ ഇരുത്തരുത്.
അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും
വൈദ്യസഹായം തേടുകയും ചെയ്യുക.