രാമപുരം കാര്‍ഷിക-ഭക്ഷ്യമേളയിൽ ഒട്ടക-കുതിര സവാരിയും കലാസന്ധ്യയും
1513534
Wednesday, February 12, 2025 10:42 PM IST
രാമപുരം: രാമപുരം കാര്‍ഷിക, പുഷ്പ, ഭക്ഷ്യമേള ആകര്‍ഷകമാക്കാന്‍ വിവിധ വിനോദ പരിപാടികളും ഒരുക്കി സംഘാടകര്‍. രാമപുരം പള്ളി മൈതാനത്ത് 15, 16 തീയതികളിലാണ് കാര്‍ഷികമേള നടത്തുന്നത്.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രാമപുരം സോണിന്റെയും രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയുടെയും വിവിധ ഭക്തസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് കാര്‍ഷിക, ഭക്ഷ്യ, പുഷ്പ പ്രദര്‍ശന മേള നടത്തുന്നത്. മേളയ്ക്ക് മാറ്റുകൂട്ടാനായി ബാഹുബലി എന്നറിയപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ മൂരി എത്തും. കൂടാതെ ഒട്ടക സവാരിയും കുതിര സവാരിയും ഒരുക്കും. വിവിധ വിഭാഗങ്ങളിലായി 40ല്‍പരം സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാകും.
കാര്‍ഷികമേളയോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും. മികച്ച സ്റ്റാളുകള്‍ക്കും കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും അവാര്‍ഡുകള്‍ ഉണ്ടായിരിക്കും. കാര്‍ഷികമേളയില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്നതിനോടൊപ്പം കലാ-സാംസ്കാരിക രംഗത്തെ പ്രതിഭകളെയും ആദരിക്കും. കലാപ്രതിഭകളുടെ കലാപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി 15നു വൈകുന്നേരം കലാസന്ധ്യയും ഉണ്ടായിരിക്കും.
കാര്‍ഷികമേളയില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും കാര്‍ഷികമേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും ഉണ്ടായിരിക്കും. ഭക്ഷ്യമേളയില്‍ പഴയകാല വിഭവങ്ങളും നാടന്‍ വിഭവങ്ങളും ആധുനിക വിഭവങ്ങളും ലഭ്യമാകും. പുഷ്പമേളയോടനുബന്ധിച്ച് വിവിധ ചെടികളും പുഷ്പങ്ങളും പരിചയപ്പെടുത്തലും വിപണനവും ഉണ്ടായിരിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്കും അലങ്കാര മത്സ്യങ്ങള്‍ക്കും പ്രത്യേക വിഭാഗങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
16നു വൈകുന്നേരം 5.30ന് നടക്കുന്ന പൊതുസമ്മേളനത്തിലും അവാര്‍ഡ്ദാന ചടങ്ങിലും മതമേലധ്യക്ഷന്മാരും ജനപ്രതിനിധികളും പങ്കെടുക്കും.