കാവുംകണ്ടം-അഞ്ചിരി-നീലൂര്‍ റോഡിൽ യാത്ര ദുഷ്കരം
1508152
Friday, January 24, 2025 11:37 PM IST
കാവുംകണ്ടം: കാവുംകണ്ടം, നീലൂര്‍, മറ്റത്തിപ്പാറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാവുംകണ്ടം-അഞ്ചിരി റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. നീലൂര്‍ കുടിവെള്ള പദ്ധതിക്കു വേണ്ടിയാണ് റോഡ് വെട്ടിപ്പൊളിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് യാതൊരു ശ്രമവും ഉണ്ടായിട്ടില്ല.
നിരവധി വാഹനങ്ങളും കാല്‍നട യാത്രക്കാരും സഞ്ചരിക്കുന്ന റോഡാണിത്. മൈലാടുംപാറ കുരിശടി, ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ശോച്യാവസ്ഥ മൂലം യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. റോഡിലെ മെറ്റില് ഇളകിക്കിടക്കുന്നതും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതും കാരണം വാഹനങ്ങള്‍ കടന്നു പോകാന്‍ ഏറെ പ്രയാസപ്പെടുന്നു. ജീവന് പണയംവച്ചാണ് ഈ റോഡിലൂടെ ജനങ്ങള്‍ യാത്ര ചെയ്യുന്നത്. റോഡിലെ കുണ്ടും കുഴിയും മൂലം വാഹനങ്ങളും യാത്രക്കാരും ഒരുപോലെ അപകടത്തില്‍പ്പെടുന്നതും പതിവാണ്. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും അപകടമുണ്ടാകുന്നതും സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.
റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് എകെസിസി, പിതൃവേദി കാവുംകണ്ടം യൂണിറ്റ് അധികൃതരോട് ആവശ്യപ്പെട്ടു. ജോജോ പടിഞ്ഞാറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. സ്കറിയ വേകത്താനം, ഡേവീസ് കെ. മാത്യു കല്ലറക്കല്‍, ബിജു ഞള്ളായില്‍, രാജു അറയ്ക്കകണ്ടത്തില്‍, അഭിലാഷ് കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേല്‍, ജോസ് കോഴിക്കോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.