കുടിവെള്ളം മലിനമാണെന്ന പരാതി : ആരോഗ്യവകുപ്പ് അന്വേഷണം
1485694
Monday, December 9, 2024 7:30 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് സ്ഥിതി ചെയ്യുന്ന വള്ളിക്കാഞ്ഞിരം കോളനിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമാണെന്ന കോളനി നിവാസികളുടെ പരാതിയില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ കിണറും പരിസരവും ടാങ്കും പരിശോധിച്ചു.
ജലം മലിനമാണെന്ന് ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി പരാതിക്കാര്‍ പറഞ്ഞു. ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയെന്ന് കുറുപ്പന്തറ വികസന സമിതി സെക്രട്ടറി വിന്‍സെന്റ് ചിറയിലും പ്രസിഡന്റ് എം.എം. സ്കറിയായും പറഞ്ഞു.
കുടിക്കാന്‍ വിതരണം ചെയ്യുന്നത് മലിനജലമാണെന്ന് ആരോപിച്ചു നാട്ടുകാര്‍ സമരം നടത്തിയിരുന്നു. വള്ളികാഞ്ഞിരം ഭാഗത്തെ താമസക്കാരാണ് പരാതിക്ക് പരിഹാരമില്ലാതായതോടെ സമരം നടത്തിയത്. കുറുപ്പന്തറ ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാര്‍ വെള്ളമെടുക്കുന്ന കിണറിന് സമീപം നില്പ് സമരം നടത്തിയത്.
പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പെടുന്നതാണ് വള്ളികാഞ്ഞിരം പ്രദേശം. കുറുപ്പന്തറ ബസ് സ്റ്റാന്‍ഡിലെ പൊതു കിണറ്റില്‍ നിന്നാണ് ഈ ഭാഗത്തേക്കുള്ള വെള്ളം പമ്പ് ചെയ്യുന്നത്. സ്റ്റാന്‍ഡിലെ പൊതുശുചിമുറികളുടെ സമീപമാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്.
കുറുപ്പന്തറ ഗ്രാമവികസന സമിതിയുടെ നേതൃത്വത്തില്‍ കിണറ്റിലെ വെള്ളം മലിനമാണെന്നും ഇക്കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും ആവശ്യപെട്ട് പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പലതവണ പരാതി നല്‍കിയിരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.