കനത്ത മഴയില്‍ നെല്‍കൃഷി നശിച്ചു
1484115
Tuesday, December 3, 2024 7:20 AM IST
കടുത്തുരുത്തി: കനത്ത മഴയില്‍ കല്ലറയില്‍ നെല്‍കൃഷി നശിച്ചു. വിളവെടുക്കാറായ നെല്ല് ഉള്‍പ്പെടെ നശിച്ചു. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും കാറ്റുമാണ് കല്ലറയില്‍ വ്യാപക കൃഷിനാശമുണ്ടാക്കിയത്. 260 ഏക്കറിനടുത്ത് വിതച്ചതും 375 ഏക്കര്‍ കൊയ്യാറായതുമായ പാടശേഖരങ്ങളിലെ കൃഷിയാണ് കല്ലറ പഞ്ചായത്തില്‍ നശിച്ചത്.
കൊയ്ത്ത് നടക്കുന്ന പറവന്തുരുത്തിലെ ആനച്ചാംകുഴി പാടശേഖരത്തെ 100 ഏക്കര്‍ നെല്ല് കനത്ത മഴയില്‍ അടിഞ്ഞുവീണു. 193 ഏക്കറില്‍ 46 ഏക്കര്‍ മാത്രമാണ് ഇവിടെ കൊയ്തത്. 30 ഏക്കര്‍ വരുന്ന പെരുന്തുരുത്തിലെ മുണ്ടകന്പള്ളി-കാരിച്ചാല്‍ പാടത്തെ വിളവെടുക്കാറായ നെല്ലും വെള്ളത്തില്‍ അടിഞ്ഞുവീണു നശിച്ചു. കൊടുതുരുത്ത് പുത്തന്‍കരി 180 ഏക്കര്‍ വരുന്ന പെരുന്തുരുത്ത് കോലത്തുകരി-വലിയകരി പാടശേഖരത്തെ നൂറേക്കറോളം നെല്ലും അടിഞ്ഞുവീണിട്ടുണ്ട്.
അടുത്ത ദിവസം കൊയ്യാനിരുന്ന പാടശേഖരമാണിത്. മുണ്ടാറിലെ 140 ഏക്കര്‍ വരുന്ന ചേനക്കാല പാടശേഖരത്തെ കൃഷിയും മട വീണ് നശിച്ചു. വിത നടന്നുകൊണ്ടിരുക്കുന്ന പാടത്തെ കൃഷിയാണ് മടവീഴ്ചയില്‍ നശിച്ചത്. ആദ്യം മടവീണ ഭാഗം കര്‍ഷകര്‍ ഉറപ്പിച്ചെങ്കിലും വീണ്ടും മട വീഴുകയായിരുന്നു. 250 ഏക്കര്‍ വരുന്ന മാലിക്കരി, എക്കമ്മ, മലയക്കണ്ടം തുടങ്ങി നിരവധി പാടശേഖരങ്ങളിലെ കൃഷിയും വെള്ളത്തില്‍ മുങ്ങി. ഇവിടെയെല്ലാം വിതച്ചിട്ട് അഞ്ചു മുതല്‍ 20 ദിവസം വരെ പ്രായമായ നെല്‍ ച്ചെടികളാണുള്ളത്. വിളനാശം സംഭവിച്ച സ്ഥലങ്ങള്‍ കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, കൃഷി ഓഫീസര്‍ രശ്മി എസ്. നായര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സന്ദര്‍ശിച്ചു നാശനഷ്ടം വിലയിരുത്തി.
കോതനല്ലൂര്‍: ശക്തമായ മഴയില്‍ തോട് കരകവിഞ്ഞൊഴുകി 32 ഏക്കറോളം വരുന്ന പാടത്തെ നെല്‍ക്കൃഷി വെള്ളം കയറി മൂടി. കോതനല്ലൂര്‍ വെള്ളാമറ്റം-ഇടച്ചാല്കരി-കരിനിലം പാടശേഖരത്തിലെ 45 ദിവസത്തോളമെത്തിയ നെല്‍ക്കൃഷിയാണ് പൂര്‍ണമായും വെള്ളത്തിലായത്.
ഞായറാഴ്ചത്തെ ശക്തമായ മഴയാണ് കൃഷി വെള്ളത്തിലാക്കിയത്. 42 കര്‍ഷകരാണ് ഇവിടെ കൃഷിചെയ്തിരിക്കുന്നത്. കുഴിയാഞ്ചാല്‍ തോട് കരകവിഞ്ഞാണ് ഇരുവശങ്ങളിലുള്ള പാടശേഖരം പൂര്‍ണമായും വെള്ളത്തിലായത്. ജനുവരി പകുതിയോടെ കൊയ്യാറായ കൃഷിയാണ് നശിച്ചത്.
പായലും ചെളിയും എക്കലും നിറഞ്ഞു കുഴിയാഞ്ചാല്‍ തോട്ടിലെ നീരൊഴുക്ക് നിലച്ചതാണ് തോട് നിറഞ്ഞൊഴുകാന്‍ കാരണമെന്നു കര്‍ഷകര്‍ പറയുന്നു.