കടകളിൽ വെള്ളം കയറി; വ്യാപാരികൾ ഓട വൃത്തിയാക്കി
1467205
Thursday, November 7, 2024 5:48 AM IST
പൊൻകുന്നം: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പാലാ - പൊൻകുന്നം റോഡിൽ അട്ടിക്കൽഭാഗത്ത് ഓടയടഞ്ഞതിനാൽ റോഡിൽ നിറഞ്ഞ വെള്ളം കടകളിലേക്ക് കയറി. സഹികെട്ട കടക്കാർ കൂലിക്ക് ആളെ നിർത്തി ഓടയിലെ മണ്ണ് നീക്കി.
ഹൈവേയായി നവീകരിച്ചപ്പോൾ നിർമിച്ച ഓട യഥാസമയം വൃത്തിയാക്കാത്തതിനാൽ മണ്ണ് നിറഞ്ഞ് ഒഴുക്കു നിലച്ച നിലയിലായിരുന്നു. ചെറിയ മഴയിൽ പോലും വെള്ളം റോഡിലൂടെ നിരന്നൊഴുകുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരം കനത്തമഴയിൽ റോഡിലാകെ വെള്ളം നിറഞ്ഞ് ഒഴുകിപ്പോകാൻ ഇടമില്ലാതെ വന്നപ്പോൾ കടകളിലെല്ലാം വെള്ളം കയറി. ഇന്നലെ പകൽ വ്യാപാരികൾ പരിസരത്തെ ഓടയിലെ മണ്ണ് നീക്കം ചെയ്യിച്ചു.
എന്നാൽ, മറ്റിടങ്ങളിലും മണ്ണ് നിറഞ്ഞ് കിടക്കുന്നതിനാൽ ഓടയിലൂടെ വെള്ളമൊഴുക്ക് സുഗമമാകില്ല. ഇതിന് പരിഹാരം വേണമെങ്കിൽ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണം.