തരംതാഴ്ത്തൽ: അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയിൽ തസ്തികകൾ നഷ്ടപ്പെടും
1461309
Tuesday, October 15, 2024 7:27 AM IST
അതിരമ്പുഴ: അതിരമ്പുഴ ഗവൺമെന്റ് ആശുപത്രി നേരിടുന്നത് 75 വർഷത്തിനിടയിലെ ഏറ്റവും വലിയ അവഗണന. ഒരു കാലത്ത് പോസ്റ്റ്മോർട്ടം പരിശോധനയും ഗൈനക്കോളജി വിഭാഗവും ഉൾപ്പെടെ ഉണ്ടായിരുന്ന ആശുപത്രിയുടെ നിലനില്പുതന്നെ ഇപ്പോൾ ഭീഷണിയിലാണ്. ബ്ലോക്ക് പബ്ലിക് ഹെൽത്ത് സെന്റർ പദവിയിൽനിന്ന് തരംതാഴ്ത്തിയതോടെ വിവിധ തസ്തികകളും ആശുപത്രിക്ക് നഷ്ടമാകുകയാണ്.
ആകെയുണ്ടായിരുന്ന ഒരു ഹെൽത്ത് സൂപ്പർവൈസറെ കോട്ടയം ജനറൽ ആശുപത്രിയിലേക്കും മൂന്ന് ഹെൽത്ത് ഇൻസ്പെക്ടർമാരിൽ ഒരാളെ കോട്ടയം ജനറൽ ആശുപത്രിയിലേക്കും ഒരാളെ പായിപ്പാട് പിഎച്ച്സിയിലേക്കും സ്ഥലം മാറ്റി കഴിഞ്ഞു. ആകെയുള്ള ഒരു പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസറെയും അഞ്ച് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ/ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെയും കോട്ടയം ജനറൽ ആശുപത്രിയിലേക്കും മാറ്റി.
നിലവിൽ നാല് ഡോക്ടർമാരാണുള്ളത്. ഇതിൽ സിവിൽ സർജന്റെയും അസിസ്റ്റന്റ് സർജന്റെയും ഓരോ തസ്തികകളും ഹെഡ് നഴ്സിന്റെ തസ്തികയും നഷ്ടപ്പെടുമെന്നാണ് അറിയുന്നത്. ഡോക്ടർമാരുടെ എണ്ണം നാലിൽനിന്ന് രണ്ട് ആയി ചുരുങ്ങുന്നതോടെ 40 കിടക്കകളുള്ള ആശുപത്രിയിൽ കിടത്തി ചികിത്സ ഇല്ലാതാകും.