അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയെ തരംതാഴ്ത്തിയതിൽ വൻ പ്രതിഷേധം
1460967
Monday, October 14, 2024 6:30 AM IST
അതിരമ്പുഴ: അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയെ തരംതാഴ്ത്താനുള്ള തീരുമാനത്തിൽ വ്യാപക പ്രതിഷേധം. റവന്യു ബ്ലോക്ക് അടിസ്ഥാനപ്പെടുത്തി ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ് പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയെ തരംതാഴ്ത്തിയത്.
ഏറ്റുമാനൂര്‍ ബ്ലോക്കില്‍ അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയായിരുന്നു ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് സെന്റര്‍. പിന്നീട് കുമരകം ഗവൺമെന്റ് ആശുപത്രിയെക്കൂടി ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് സെന്ററാക്കി. ഇപ്പോൾ ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ് പുനഃക്രമീകരണം വന്നപ്പോൾ അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയെ ഒഴിവാക്കുകയും കുമരകം ഗവൺമെന്റ് ആശുപത്രിയെ ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് സെന്ററായി നിലനിർത്തുകയുമാണ്.
75 വർഷം മുമ്പ് സ്ഥാപിച്ചതാണ് അതിരമ്പുഴ ഗവൺമെന്റ് ആശുപത്രി. അതിരമ്പുഴയിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികൾക്ക് ആശ്രയമായി സർക്കാർ ആശുപത്രി വരുന്നതിനുവേണ്ടി അതിരമ്പുഴ പള്ളിയാണ് ആശുപത്രി സ്ഥാപിക്കാൻ സ്ഥലം സൗജന്യമായി നൽകിയത്.
ആശുപത്രി കെട്ടിടം നിർമിക്കുന്നതിനും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുമായി ഗണ്യമായൊരു തുകയും അന്ന് പള്ളി നൽകിയിരുന്നു. മൂന്നു പതിറ്റാണ്ടു മുമ്പ് ഇവിടെ പോസ്റ്റ്മോർട്ടം വരെ നടന്നിരുന്നു. നിലവിൽ 40 കിടക്കകളുള്ള ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ റഫറൽ ആശുപത്രി കൂടിയാണ്.
400 ലേറെ പേർ ദിവസേന ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. തരം താഴ്ത്തപ്പെടുന്നതോടെ ആശുപത്രിയിൽ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയും. രോഗീ പരിചരണം ഉൾപ്പെടെയുള്ളവയെ പ്രതികൂലമായി ബാധിക്കും.
ഇന്ന് പ്രതിഷേധം
അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയെ തരംതാഴ്ത്തിയ സർക്കാർ നടപടിയിൽ ഇന്ന് ആശുപത്രിപ്പടിക്കൽ പ്രതിഷേധമുയരും. ഇന്ന് രാവിലെ 10ന് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി നടക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അറിയിച്ചു. വിവിധ കക്ഷി നേതാക്കൾ പ്രസംഗിക്കും.
തീരുമാനം പിൻവലിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി
ഭാവിയില്‍ കിടത്തി ചികിത്സപോലും സാധ്യമല്ലാതെ വരുമെന്നും ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയിംസ് തോമസ് പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷിമി സജി, ഹരിപ്രകാശ്, ഫസീന സുധീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.