പനച്ചിക്കാട്ട് അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍
1460860
Monday, October 14, 2024 3:13 AM IST
പനച്ചിക്കാട്: അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ എത്തിയത് നൂറു കണക്കിന് കുരുന്നുകള്‍. വിജയദശമി ദിനമായ ഇന്നലെ പുലര്‍ച്ചെ നാലിന് പൂജയെടുപ്പിനുശേഷം ദേവീസന്നിധിയില്‍ പ്രത്യേകം തയാറാക്കിയ വിദ്യാമണ്ഡപത്തില്‍ വിദ്യാരംഭത്തിന് തുടക്കം കുറിച്ചു.
ഹരിശ്രീ മന്ത്രധ്വനികള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ഇണങ്ങിയും പിണങ്ങിയും കുറുമ്പ് കാട്ടിയും ഇരുന്ന കുരുന്നുകള്‍ക്ക് ആചാര്യന്മാര് അരിയില്‍ ഹരിശ്രീയും നാവില്‍ അക്ഷരമധുരവും പകര്‍ന്നുകൊടുത്തു. കുരുന്നുകള്‍ക്കൊപ്പം രക്ഷിതാക്കളും ഭക്തജനങ്ങളും നിറഞ്ഞതോടെ പുലര്‍ച്ചെ മുതല്‍ത്തന്നെ ക്ഷേത്രവും പരിസരവും ജനനിബിഡമായി.
തിരക്കിനിടയിലും സരസ്വതി സന്നിധിയിലെ മണല്‍ത്തിട്ടയില്‍ മുതിര്‍ന്നവരും ഹരിശ്രീ കുറിച്ച് അക്ഷരമധുരം വീണ്ടും നുകരാൻ ഒരിക്കല്‍കൂടി തിക്കിത്തിരക്കി. നേരം വൈകുംവരെയും വിദ്യാരംഭ ചടങ്ങുകള്‍ തുടര്‍ന്നു. ഒപ്പം കലാമണ്ഡപത്തില്‍ കലോപാസനകളും അരങ്ങേറി.