പെരുന്ന മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരില്ല; ക്ഷീരകര്‍ഷകരുള്‍പ്പെടെ പ്രതിസന്ധിയില്‍
1460592
Friday, October 11, 2024 7:05 AM IST
ചങ്ങനാശേരി: പെരുന്നയിലെ നഗരസഭാ ഗവൺമെന്റ് വെറ്ററിനറി പോളിക്ലിനിക്കില്‍ ഡോക്ടര്‍മാരില്ലാത്തത് കന്നുകാലി കര്‍ഷകര്‍ക്കും നായ്ക്കളടക്കം വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നവര്‍ക്കും ദുരിതമായി.
സീനിയര്‍ വെറ്ററിനറി സര്ജന് ജോലി രാജിവച്ചതും മറ്റൊരു വെറ്ററിനറി സര്ജന് അവധിയെടുത്തതുമാണ് മൃഗാശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റാന്‍ കാരണമായിരിക്കുന്നത്. ഒരുകാലത്ത് മൃഗപരിപാലനത്തിനു പേരുകേട്ട ആശുപത്രിയിലാണ് ഡോക്ടര്‍മാരില്ലാത്തതുമൂലം പ്രവര്‍ത്തനം ദുരിതമായിരിക്കുന്നത്.
തുരുത്തി, വാകത്താനം മൃഗാശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കാണ് പെരുന്ന മൃഗാശുപത്രിയുടെ അധികച്ചുമതല നല്‍കിയിരിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍മാത്രം രാവിലെ ഒമ്പതു മുതല്‍ മൂന്നുവരെയാണ് പകരം ഡോക്ടറുടെ ഒപി സേവനമുള്ളത്. സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കാതായതോടെ ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെടുന്ന മൃഗങ്ങളെ കോട്ടയം കോടിമതയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്.
ഡോക്ടര്‍മാരില്ലാത്തത് ക്ഷീര കര്‍ഷകരെ നന്നായി ബുദ്ധിമുട്ടിക്കുന്നുണ്ട്. മൃഗങ്ങളുമായി ആശുപത്രിയിലെത്തുമ്പോഴാണ് ഡോക്ടര്‍മാരില്ലെന്ന വിവരമറിയുന്നത്. ഇതോടെ മൃഗങ്ങളുമായി ഇതര ആശുപത്രികളിലേക്കു പോകേണ്ടി വരുന്നത് ആളുകളെ വലയ്ക്കുകയാണ്.
പ്രതിരോധ കുത്തിവയ്പിനും ശസ്ത്രക്രിയയ്ക്കും മറ്റുമായി മൃഗങ്ങളുമായി കോടിമതയിലുള്ള ആശുപത്രിയിലേക്കു പോകേണ്ടിവരുന്നത് ആളുകള്‍ക്ക് വലിയ സാമ്പത്തികച്ചെലവ് വരുത്തിവയ്ക്കുന്നതായും പരാതിയുണ്ട്.