തെക്കേമൂലെ പാടത്തെ നെല്ല് സംഭരണമാരംഭിച്ചു : ഒരു ക്വിന്റലിന് ആറരക്കിലോ കിഴിവ്
1460568
Friday, October 11, 2024 6:55 AM IST
കുമരകം: വെയിലും മഴയും അവഗണിച്ച് കൃഷി നടത്തി കൊയ്തു കൂട്ടിയ നെല്ല് വില്ക്കാനും കർഷകർ ഏറെ കഷ്ടപ്പാട് സഹിക്കേണ്ടിവരുന്നു. കുമരകത്ത് ഈ വർഷത്തെ വിരിപ്പുകൃഷിയുടെ കാൊയ്ത്ത് ആദ്യം നടത്തിയ തെക്കേമൂലേപ്പാടത്തെ കർഷകരാണ് രണ്ടാഴ്ചയാോളം നെല്ല് വില്ക്കാൻ കഴിയാതെ നെട്ടോട്ടം ഓടിയത്.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടാണ് ആറരക്കിലോഗ്രാം കിഴിവ് (താര) നൽകി നെല്ല് സംഭരണം ആരംഭിക്കാൻ തീരുമാനമെടുത്തത്. ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ 240 ഏക്കറുള്ള തെക്കേമൂലെ പാടത്തെ നെല്ല് സംഭരിക്കാൻ ഏർപ്പാടാക്കിയത് പാലക്കാട്ടുള്ള വാളാഞ്ചേരി, റെെസിക്കോ എന്നീ രണ്ടു മില്ലുകാരെയാണ്.
അവരുടെ ഏജന്റ് എത്തി ക്വാളിറ്റി ചെക്കിംഗ് നടത്തി 25 കിലോ (നാലിലൊന്ന്) കിഴിവ് ആവശ്യപ്പെട്ടതാണ് കർഷകർക്ക് ഇരുട്ടടിയായത്. കഴിഞ്ഞ സീസണിൽ ഒരു കിലോ മാത്രം കിഴിവ് നൽകി നെല്ല് സംഭരണം നടന്ന പാടത്താണ് ഈ വർഷ കൃഷിയുടെ 16.8 ശതമാനം മാത്രം ഈർപ്പത്തിന്റെ അംശമുള്ള നെല്ലിന് 25 കിലോ കിഴിവ് ആവശ്യപ്പെട്ടത്.
കർഷകർ പാഡി മാർക്കറ്റിംഗ് ഓഫീസിൽ കഴിഞ്ഞ ശനിയാഴ്ച സമരം നടത്തിയതിനെത്തുടർന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ മറ്റു രണ്ടു മില്ലുകാർക്ക് സംഭരണാവകാശം നൽകിയെങ്കിലും ആ മില്ലുകൾ കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ അരി മുഴുവൻ തിരികെ നൽകാത്തതിനാൽ അവർക്ക് നെല്ല് സംഭരിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഗതിമുട്ടിയ കർഷകർ ജില്ലാ കളക്ടർക്കു പരാതി നൽകുകയായിരുന്നു.
പരാതി ഉടൻ പരിഹരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ പാഡി മാർക്കറ്റിംഗ് ഓഫീസർക്കു നിർദേശം നൽകി. അതനുസരിച്ച് നമ്പ്യാർകുടി എന്ന മില്ലുകാരെ സംഭരണച്ചുമതല ഏല്പിച്ചെങ്കിലും അവരുടെ ഏജന്റ് 10 കിലോ നെല്ല് കിഴിവ് ആവശ്യപ്പെട്ടു.
ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബുവിന്റെ സാന്നിധ്യത്തിൽ കർഷകരുടെ യോഗം ചേരുകയും 6.5 (ആറര) കിലോഗ്രാം കിഴിവിൽ നെല്ലെടുക്കാൻ നമ്പ്യാർകുടി മില്ലിന്റെ ഏജന്റിൽ സമ്മർദം ചെലുത്തി സമ്മതിപ്പിക്കുകയുമായിരുന്നു. നെല്ലു സംഭരിക്കുന്ന ചാക്കുൾപ്പെടെയാണ് ആറരക്കിലോ കിഴിവ്.