വീടുകയറി ആക്രമണം: നാലു പേർ അറസ്റ്റിൽ
1460163
Thursday, October 10, 2024 6:25 AM IST
ഏറ്റുമാനൂർ: മുൻവൈരാഗ്യത്തിന്റെ പേരിൽ മധ്യവയസ്കയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ അച്ഛനും മകനുമടക്കം നാലുപേർ അറസ്റ്റിൽ. കടപ്ലാമറ്റം പടിഞ്ഞാറെക്കുറ്റ് ജേക്കബ് (66), മകൻ റിന്റോ ജേക്കബ് (30), റിന്റോയുടെ സുഹൃത്തുക്കളായ കിടങ്ങൂർ കട്ടച്ചിറ തെക്കേതൊട്ടിയിൽ വിഷ്ണു കൃഷ്ണൻ (30), കൂടല്ലൂർ മൂലക്കോണം പറയനാട്ട് അശ്വിൻ ബാബു (25) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കട്ടച്ചിറ സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി ഇവർ അതിക്രമിച്ചു കയറിയത്. മധ്യവയസ്കയുടെ മകനെ സംഘം ചേർന്ന് ആക്രമിച്ചു. ഇതു തടയാൻ ശ്രമിച്ച മധ്യവയസ്കയോട് ഇവർ അപമര്യാദയായി പെരുമാറുകയും മർദിക്കുകയും ചെയ്തു. ജേക്കബിന് മധ്യവയസ്കയുടെ മകനോടുള്ള മുൻവിരോധത്തെത്തുടർന്നാണ് ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായാണ് പിടികൂടിയത്. നാലുപേരെയും കോടതിയിൽ ഹാജരാക്കി.