നിയന്ത്രണമില്ലാതെ ഇറക്കുമതി: മഴമറയിട്ട് ടാപ്പിംഗ് നടത്തിയവരുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടി
1459843
Wednesday, October 9, 2024 5:45 AM IST
കോട്ടയം: കഴിഞ്ഞ രണ്ടു മാസത്തെ വില മെച്ചം വരുംമാസങ്ങളിലും തുടരുമെന്ന പ്രതീക്ഷയില്‍ മഴമറയിട്ട് ടാപ്പിംഗ് നടത്തിയവരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഒക്ടോബറിലെ ആദ്യ എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കിലോ റബറിന് 25 രൂപയുടെ അതിവേഗ താഴ്ചയാണുണ്ടായത്. പോയ മാസം 247 രൂപയില്‍ റിക്കാര്‍ഡ് കുറിച്ച വില 230 ലേക്ക് ഘട്ടംഘട്ടമായാണ് താഴ്ന്നത്. അന്ന് വിദേശത്തെക്കാള്‍ 40 രൂപയോളം അധികം വില ഇവിടെ ലഭിക്കുകയും ചെയ്തു.
ഇന്നലെ ഡീലര്‍മാര്‍ മെച്ചപ്പെട്ട റബറിന് 206-204 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. തരംതിരിക്കാത്ത റബറിന് 202 രൂപയേ മാര്‍ക്കറ്റില്‍ ലഭിക്കുന്നുള്ളൂ. ഉയര്‍ന്ന വില പ്രതീക്ഷിച്ച് ലാറ്റക്സ് വില്പന ഒഴിവാക്കി ഷീറ്റ് തയാറാക്കി പുകപ്പുരയില്‍ കൂലിക്ക് ഉണക്കിയ കര്ഷകന് ഇപ്പോഴത്തെ വിലയില്‍ യാതൊരു നേട്ടവുമില്ല. കഴിഞ്ഞ മാസങ്ങളില്‍ വ്യവസായികള്‍ നടത്തിയ അനിയന്ത്രിതമായ ഇറക്കുമതിയാണ് വില ഇത്തരത്തില്‍ തരിപ്പണമാക്കിയത്.
ഓഗസ്റ്റില്‍ 75,000 ടണ്‍ ബ്ലോക്ക് റബറും 20,000 ടണ്‍ കോമ്പൗണ്ട് റബറും ഉള്‍പ്പെടെ 95,000 ടണ്‍ റബറിന്റെ ഇറക്കുമതിയുണ്ടായി. സെപ്റ്റംബറില്‍ 61,000 ടണ്ണിന്റെ ഇറക്കുമതി. ടയര്‍ വ്യവസായികള്‍ക്ക് മൂന്നു മാസത്തെ സ്റ്റോക്ക് ഗോഡൗണില്‍ വന്നതോടെ തന്ത്രപരമായി മാര്‍ക്കറ്റ് വിട്ടുനിന്ന് വിലയിടിച്ചു.
രണ്ടാഴ്ചയായി ആഭ്യന്തരവിപണിയില്‍നിന്ന് വ്യവസായികള്‍ ചരക്കെടുത്താതെ വന്നതും എടുക്കുന്നതിന്റെ അളവ് കുറച്ചതും ഇറക്കുമതി വര്‍ധിച്ചതുമാണ് അഭ്യന്തരവില അതിവേഗം താഴാന്‍ ഇടയാക്കിയത്.