പന്നിപ്പനി: ഭരണങ്ങാനത്തെ ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശം
1458774
Friday, October 4, 2024 3:45 AM IST
ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പന്നിഫാമില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. രോഗബാധിത പ്രദേശങ്ങളില്‍നിന്നു പന്നിമാംസ വിതരണവും ഇത്തരത്തിലുള്ള കടകളുടെ പ്രവര്‍ത്തനവും പാടില്ല.
ഇവിടെനിന്നു പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍നിന്നു രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഒരുത്തരവ് വരെ നിര്‍ത്തിവയ്ക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മീനച്ചില്‍, കൊഴുവനാല്‍, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാര്‍, മൂന്നിലവ്, കരൂര്‍, മേലുകാവ് പഞ്ചായത്തുകളും ഈരാറ്റുപേട്ട, പാലാ നഗരസഭകളുമാണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.