വെള്ളൂർ പഞ്ചായത്തിൽ സെക്രട്ടറിയും എൻജിനിയറുമില്ല പ്രതിപക്ഷം സമരത്തിനൊരുങ്ങുന്നു
1454714
Friday, September 20, 2024 7:15 AM IST
വെള്ളൂർ: വെള്ളൂർ പഞ്ചായത്തിൽ സെക്രട്ടറിയും എൻജിനിയറുമില്ലാത്തതിനാൽ ജനം വലയുന്നു. പഞ്ചായത്തിൽ സെക്രട്ടറിയും പൊതുമരാമത്ത് എൻജിനിയറും ഇല്ലാതായിട്ട് മാസങ്ങളായി. ഇതോടെ പഞ്ചായത്തിൽ അടിയന്തിരമായി പൂർത്തീകരിക്കേണ്ട നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയ നിലയിലാണ്. ലൈഫ് പദ്ധതിയിൽ വീടുകൾ അനുവദിച്ച് നിർമാണം നടത്തിയവർക്ക് വീട് പൂർത്തിയാക്കാനും സ്പില്ലോവർ വർക്ക് നടത്തുവാനും ഇതു മൂലം സാധിക്കുന്നില്ല.
കെട്ടിട നിർമാണത്തിനായി നിയമാനുസൃതമായി മണ്ണ് നീക്കാൻ മാസങ്ങളായി കഴിയുന്നില്ല. നിരവധി ആളുകളുടെ കെട്ടിട നിർമാണവും ഇതുമൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട രണ്ടു പ്രധാന തസ്തികകളാണ് ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ അധികൃതരുടെ ഉദാസീനത മൂലം ഒഴിഞ്ഞുകിടക്കുന്നത്.
സെക്രട്ടറിയെയും എൻജിനിയറെയും ഉടൻ നിയമിച്ച് പഞ്ചായത്തിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പ്രതിപക്ഷ അംഗങ്ങളായ കുര്യാക്കോസ് തോട്ടത്തിൽ, പി.പി. ബേബി, നിയാസ് കൊടിയനേഴത്ത്, ശാലിനി മോഹൻ, സുമാ തോമസ് എന്നിവർ അറിയിച്ചു.