മുണ്ടക്കയം ആശുപത്രിയിൽ ഡോക്ടർമാരില്ല; കാത്തുനിന്നു മടുത്ത് രോഗികൾ
1453901
Tuesday, September 17, 2024 11:27 PM IST
മുണ്ടക്കയം: പകർച്ചപ്പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾ നാടാകെ പടർന്നുപിടിക്കുന്ന സമയത്തും മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്നു പരാതി.
ഇന്നലെ രാവിലെ ഒപിയിൽ രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിച്ചത്. ദിവസേന നാനൂറിലധികം രോഗികളെത്തുന്ന ആശുപത്രിയിൽ ഒരു ഡോക്ടറുടെ സേവനം മാത്രമായതോടെ കാത്തുനിന്നു മടുത്ത രോഗികൾ പ്രതിഷേധവുമായി രംഗത്തെത്തി. ചില രോഗികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.
അവധി ദിനങ്ങളിൽ പ്രഭാത-സായാഹ്ന ഒപിയിൽ ഒരു ഡോക്ടർ മാത്രമേ ഉണ്ടാകൂവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നിലവിൽ ഡ്യൂട്ടിയിൽ ആവശ്യത്തിന് ഡോക്ടർമാരുണ്ടെങ്കിൽപോലും പല സമയങ്ങളിലും ഇവരുടെ സേവനം ലഭിക്കാറില്ലെന്നും പരാതി ഉയരുന്നുണ്ട്.
കോടികൾ മുടക്കി
കെട്ടിടം നിർമിച്ചു
പഴയ കെട്ടിടം പൊളിച്ചുമാറ്റി കോടികൾ മുടക്കി പുതിയ കെട്ടിടം നിർമിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞു. താലൂക്ക് ആശുപത്രിയാക്കി ഉയർത്തുമെന്നു പല വേളകളിലും പ്രഖ്യാപനവും നടത്തി. ഇതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. എന്നാൽ താലൂക്ക് ആശുപത്രിയായി ഉയർത്തുകയോ അതിന് അനുബന്ധിച്ചുള്ള നിയമനം നടത്തുകയോ ചെയ്തിട്ടില്ല. പിന്നീട് സാമൂഹികാരോഗ്യ കേന്ദ്രവും കുടുംബാരോഗ്യ കേന്ദ്രവുമായി തരംതാഴ്ത്തുകയാണുണ്ടായത്.
ഒരു കാലത്ത് കോട്ടയം, ഇടുക്കി ജില്ലകളിലെ തന്നെ മികച്ച സേവനം ലഭിച്ചിരുന്ന ആതുരാലയമായിരുന്നു മുണ്ടക്കയം സർക്കാർ ആശുപത്രി. പ്രസവശുശ്രൂഷകളും പോസ്റ്റ്മോർട്ടം അടക്കമുള്ള സേവനങ്ങളും ഇവിടെനിന്നു ലഭിച്ചിരുന്നു.
മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായിരുന്നു ഈ ആശുപത്രി. കാലങ്ങൾ പിന്നിട്ടതോടെ ഈ സേവനമെല്ലാം നിലച്ചു. ഇപ്പോൾ വലിയ ഒരു കെട്ടിടവും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവനവുമാണ് ഇവിടെ ജനങ്ങൾക്ക് ലഭിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും പ്രധാന ചർച്ചാവിഷയമായി മുണ്ടക്കയം സർക്കാർ ആശുപത്രി കടന്നുവരാറുണ്ട്. വലിയ വാഗ്ദാനങ്ങളാണ് പലപ്പോഴും അധികാരികൾ ജനങ്ങൾക്ക് മുന്പിൽ നൽകുന്നത്. എന്നാൽ, പിന്നീട് അത് പ്രാവർത്തികമാക്കുന്നതിനുള്ള തുടർനടപടികൾ ഒന്നും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല.
സമരങ്ങളും
പ്രതിഷേധങ്ങളും
മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരപരമ്പരകൾ തന്നെ സംഘടിപ്പിക്കാറുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ല.
പുതിയ സാംക്രമിക രോഗങ്ങൾ കടന്നുവരുന്ന കാലഘട്ടത്തിൽ വലിയ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാരായ മലയോര നിവാസികൾ.