ഏറ്റുമാനൂർ സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിംഗ്
1453042
Friday, September 13, 2024 6:27 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിംഗ് ഉദ്ഘാടനം ഇന്നു നടക്കും. ഇതോടെ ബാങ്കിലെ ഇടപാടുകാർക്ക് ബാങ്കിൽ വരാതെതന്നെ ഈ സംവിധാനത്തിലൂടെ ഇടപാടുകളുടെ വിവരം അറിയാൻ സാധിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൻ, വൈസ് പ്രസിഡന്റ് സജി വള്ളോംകുന്നേൽ എന്നിവർ പറഞ്ഞു. പ്രവർത്തനത്തിന്റെ 67 വർഷം പൂർത്തിയാക്കിയ ബാങ്ക് സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കുകളുടെ നിരയിലാണെന്ന് അവർ പറഞ്ഞു.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം അസിസ്റ്റന്റ് രജിസ്ട്രാർ കെ.പി. ഉണ്ണികൃഷ്ണൻ നായർ മൊബൈൽ ബാങ്കിംഗിന്റെ ഉദ്ഘാടനം നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൻ അധ്യക്ഷത വഹിക്കും.
ബാങ്കിന്റെ ജീവകാരുണ്യ ചികിത്സാ നിധിയിൽനിന്നുള്ള ചികിത്സാ സഹായ വിതരണവും സമ്മേളനത്തിൽ നടത്തും. 2013ൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 1825 പേർക്കായി 1.28 കോടി രൂപ വിതരണം ചെയ്തു. ഇന്ന് 58 പേർക്കായി 3.31 ലക്ഷം രൂപ വിതരണം ചെയ്യും.