വാഹന പരിശോധന : എക്സൈസ് സംഘം ഒരുകോടി രൂപ പിടികൂടി
1452846
Friday, September 13, 2024 1:30 AM IST
തലയോലപ്പറമ്പ്: അനധികൃതമായി സ്വകാര്യ വോൾവോ ബസിൽ കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപ എക്സൈസ് സംഘം പിടികൂടി.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് അനധികൃതമായി കൊണ്ടുവന്ന പണം പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് വന്ന വോൾവോ ബസിലെ യാത്രക്കാരനായ കൊല്ലം പത്തനാപുരം കുണ്ടയം ജാസ്മിൻ മൻസിലിൽ ഷാഹുൽ ഹമീദിൽ(56) നിന്നാണ് ഒരു കോടി രൂപയും 10 ബ്രിട്ടീഷ് പൗണ്ടുകളും കണ്ടെത്തിയത്.
കണ്ടെത്തിയ പണത്തിന് ഇയാളുടെ കൈയിൽ മതിയായ രേഖകൾ ഇല്ലെന്ന് എക്സൈസ് പറഞ്ഞു. എംഡിഎംഎ, കഞ്ചാവ്,മദ്യം ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനായ് എക്സൈസ് ഇന്നലെ രാവിലെ നടത്തിയ ഓണം സ്പെഷൽ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. വൈക്കം റേഞ്ച്, കടുത്തുരുത്തി റേഞ്ച്, എക്സൈസ് സർക്കിൾ എന്നിവരുൾപ്പെടുന്ന മൂന്ന് ടീമുകൾ ചേർന്ന് നടത്തിയ പരിശോധനയിൽ സെല്ലോ ടേപ്പ് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു പണം കണ്ടെത്തിയത്.
നോട്ടെണ്ണൽ യന്ത്രം എത്തിച്ച് പണം എണ്ണിത്തിട്ടപ്പെടുത്തി പോലീസിന് കൈമാറും. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സ്വരൂപിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അനിൽകുമാർ ഉൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.