അരുവിത്തുറ ഓണവിപണി നാളെമുതൽ 15 വരെ
1452270
Tuesday, September 10, 2024 10:45 PM IST
അരുവിത്തുറ: സെന്റ് ജോർജ് കർഷകദളത്തിന്റെയും കർഷക മാർക്കറ്റിന്റെയും ആഭിമുഖ്യത്തിൽ മായം കലരാത്ത, വിഷരഹിതമായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഓണവിപണി നടത്തും. നാളെ വൈകുന്നേരം അഞ്ചിന് കർഷകദളത്തിന്റെയും കർഷക മാർക്കറ്റിന്റെയും പ്രസിഡന്റ് ജോർജ് വടക്കേൽ അധ്യഷത വഹിക്കുന്ന യോഗത്തിൽ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഓണവിപണി ഉദ്ഘാടനം ചെയും. കർഷക മാർക്കറ്റിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് അർഹരായ നൂറു കുടുംബങ്ങൾക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്യും.
സൗജന്യ ഓണക്കിറ്റ് വിതരണോദ്ഘാടനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ നിർവഹിക്കും. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ മേഴ്സി മാത്യു, മുനിസിപ്പൽ കൗൺസിലർ ലീനാ ജയിംസ്, പഞ്ചായത്ത് മെംബർമാരായ ആനന്ദ് പുതിയാപറമ്പിൽ, ജോഷി ജോർജ് പ്ലാത്തോട്ടം എന്നിവർ പ്രസംഗിക്കും.
പിഎസ്ഡബ്ല്യുഎസിന്റെ നേതൃത്വത്തിലുള്ള പാലാ അഗ്രിമയുടെ തോട്ടത്തിൽനിന്നുള്ള പച്ചക്കറികളും തക്കല, വട്ടവട എന്നിവിടങ്ങളിൽനിന്നുള്ള പച്ചക്കറികളും കുത്തരി, പഞ്ചസാര, ശർക്കര, ചെറുപയർ പരിപ്പ്, സാമ്പർ പരിപ്പ്, പപ്പടം, പായസക്കൂട്ട്, ഉണക്കലരി, നാടൻ വെള്ളിച്ചെണ്ണ, നാടൻ സാമ്പർ പൊടി, നാടൻ അച്ചാർ, നെയ്യ് എന്നീ 12 ഐറ്റങ്ങളുള്ള ഓണക്കിറ്റ് മിതമായ നിരക്കിൽ വിപണിയിൽനിന്നു ലഭിക്കും. ഓണവിപണി 15 വരെ രാവിലെ ആറു ുതൽ വൈകുന്നേരം ആറുവരെ പ്രവർത്തിക്കും.