കൺകുളിർക്കെ വെള്ളച്ചാട്ടം; കാഴ്ചയുടെ പറുദീസയായി വെംബ്ലി
1451997
Monday, September 9, 2024 11:46 PM IST
കൊക്കയാർ: ഇടുക്കി ജില്ലയുടെ ഭാഗമായ കൊക്കയാർ പഞ്ചായത്തിലെ ടൂറിസം മാപ്പിലെ പ്രധാന കേന്ദ്രമാണ് വെംബ്ലി. വെംബ്ലിയുടെ സ്വകാര്യ അഹങ്കാരമാണ് ഇവിടത്തെ മൂന്നു വെള്ളച്ചാട്ടങ്ങള്‍.
രണ്ടായിരം അടി ഉയരത്തില്‍നിന്നു പാറക്കെട്ടുകളെ തഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ ജനത്തിരക്കേറുകയാണ്. കൊക്കയാർ പഞ്ചായത്തിലെ വെംബ്ലി, വടക്കേമല ഭാഗത്താണ് നൂറേക്കര്‍, പാപ്പാനി, വെള്ളപ്പാറ വെള്ളച്ചാട്ടങ്ങൾ കണ്ണിനു കുളിര്‍മയ്ക്കൊപ്പം കൗതുകവും സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് ഒരുപക്ഷേ ഇത്രയും വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ചുള്ള സ്ഥലം വേറെ ഇല്ലെന്നുതന്നെ പറയാം. മുണ്ടക്കയം-കൂട്ടിക്കല്‍-കൊക്കയാർ-വെംബ്ലി ഉറുമ്പിക്കര റോഡിന് സമീപത്താണ് ഈ മൂന്നു വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്നത്.
വെംബ്ലിയില്‍നിന്ന് ഒരു കിലോമീറ്റര്‍ മുന്നോട്ടുപോകുമ്പോള്‍ ആദ്യ വെള്ളച്ചാട്ടമാണ് നൂറേക്കര്‍ വെള്ളച്ചാട്ടം. നൂറേക്കറിലെ കൊടുംവളവില്‍ ഇടതുവശത്ത് ഇരുപതു മീറ്റര്‍ അകലത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നൂറേക്കര്‍ വെള്ളച്ചാട്ടം കണ്ടു മനം കുളിര്‍ത്തു മുന്നോട്ടു നീങ്ങുന്ന സഞ്ചാരികള്‍ക്കു നാനൂറുമീറ്റര്‍ സ്വകാര്യ റബര്‍ത്തോട്ടത്തിലൂടെ യാത്ര ചെയ്താല്‍ വെള്ളപ്പാറ വെള്ളച്ചാട്ടത്തിലെത്താം. രണ്ടായിരത്തിലധികം അടി ഉയരത്തില്‍നിന്നു തട്ടുപാറയിലൂടെ ഒഴുകി പതിക്കുന്നതാണ് ഇതിന്റെ സവിശേഷത. നിരവധിയാളുകളാണ് ഈ ഉയരം കൂടിയ വെള്ളച്ചാട്ടം കാണാന്‍ ഇവിടെയെത്തുന്നത്.
മൂന്നാമത്തെ വെള്ളച്ചാട്ടമാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുന്നത്. പാപ്പാനിതോടിന്റെ ഹൃദയഭാഗത്തുള്ള ഈ വെള്ളച്ചാട്ടം പാപ്പാനി വെള്ളച്ചാട്ടമെന്നാണ് അറിയപ്പെടുന്നത്. മുമ്പ് കാടുപിടിച്ചും പാറക്കെട്ടുകള്‍ നിറഞ്ഞതുമായ പ്രദേശത്ത് ഇടുക്കി പാക്കേജില്‍പ്പെടുത്തി നിര്‍മിച്ച പാലത്തിന്റെ വരവോടെയാണ് പാപ്പാനി വെള്ളച്ചാട്ടം പുറംലോകമറിയുന്നത്. വാഹനങ്ങള്‍ കടന്നുവരുന്നതിനും പാര്‍ക്കിംഗിനും ഏറെ സൗകര്യമുള്ളതിനാല്‍ സഞ്ചാരികള്‍ കൂടുതലായി എത്തുന്നതും ഇവിടെ തന്നെ. തട്ടുപാറകളിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടത്തിന് ഏറെ ദൃശ്യഭംഗിയുണ്ട്. വടക്കേമല നിവാസികള്‍ക്ക് പാപ്പാനിത്തോട് കുറുകെ കടക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കൊക്കയാര്‍ പഞ്ചായത്ത് നിര്‍മിച്ച കമ്പിപ്പാലം വെള്ളച്ചാട്ടത്തോട് ചേര്‍ന്നുണ്ടായിരുന്നത് 2021ലെ പ്രളയത്തിൽ നഷ്ടമായെങ്കിലും വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഒട്ടും കുറയാതെ സുന്ദരിയായിതന്നെ നിൽക്കുന്നത് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.
നാടിന് ഏറെ അഭിമാനകരമായ ഈ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ ഇവിടെ എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും വിനോദസഞ്ചാരികളെ സ്വീകരിക്കാനും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും അധികാരികള്‍ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉറുമ്പിക്കര മലയുടെ മുകളിലെത്താം. അതുവഴി വാഗമണ്‍ ഏലപ്പാറ, കുട്ടിക്കാനം എന്നിവിടങ്ങളിലെത്താന്‍ അരമണിക്കൂര്‍ മാത്രം മതി. വിവിധ ടൂറിസം പദ്ധതികൾക്കായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ, ഒപ്പം വികസനവും.