ബിജെപി നടത്തിയ നഗരസഭാ മാര്‍ച്ചില്‍ സംഘര്‍ഷം
1444760
Wednesday, August 14, 2024 3:08 AM IST
കോട്ടയം: കോട്ടയം നഗരസഭയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് വലയം തകര്‍ത്തു പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. കോട്ടയം നഗരസഭയിലെ മുന്‍ ജീവനക്കാരന് പെന്ഷന് ഫണ്ട് തിരിമറി നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു ബിജെപി നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
ടൗണ്‍ ചുറ്റി നടന്ന പ്രകടനം നഗരസഭ ഗേറ്റിനു മുന്നിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. എന്നാല്‍, പോലീസിന്റെ പ്രതിരോധം തകര്‍ത്തു പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറി. തുടര്‍ന്ന് പ്രതിഷേധ മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ ധര്‍ണയും നടത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമരം ഉദ്ഘാടനം ചെയ്തു. മൂന്നുവര്‍ഷം കൊണ്ട് ഒരു ഉദ്യോഗസ്ഥന് കോടിക്കണക്കിന് രൂപ തിരിമറി നടത്തിയിട്ടും കണ്ടെത്താതിരുന്ന സെക്രട്ടറിയടക്കമുള്ളവര്ക്കെതിരേ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം മണ്ഡലം പ്രസിഡന്റ് അരുണ്‍ മൂലേടം അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ എസ്. ജയസൂര്യന്‍, ബിജെപി മധ്യമേഖല ഉപാധ്യക്ഷന്‍ ടി.എന്‍. ഹരികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രതീഷ്, ജില്ലാ സെക്രട്ടറിമാരായ ലാല്‍കൃഷ്ണ, സോബിന്‍ ലാല്‍, ജില്ലാ വൈസ് പ്രസിഡന്റും കൗണ്‍സിലറുമായ റീബാ വര്‍ക്കി, മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വിനു ആര്. മോഹന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ. ശങ്കരന്, സി.കെ. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.