നഗരമാലിന്യ സംസ്കരണത്തിൽ നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: പ്രഫ. ആന്‍ജ് സീഹു
1339441
Saturday, September 30, 2023 2:34 AM IST
കോട്ടയം: നഗരങ്ങളിലെ മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിന് ലഭ്യമായ നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നു ഫ്രാന്‍സിലെ ഐഎംടി മൈന്‍സ് ആല്‍ബി സര്‍വകലാശാലയിലെ പ്രഫ. ആന്‍ജ് സീഹു. മാലിന്യ സംസ്കരണ മാതൃകകളെക്കുറിച്ച് എംജി സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ നോബേല്‍ പുരസ്കാര ജേതാക്കളായ ജോണ്‍ ബി. ഗുഡെനോഹ്, എം. സ്റ്റാന്‍ലി വിറ്റിംഗ്ഹാം, അകിര യോഷിനോ എന്നിവരുടെ പേരിലുള്ള ചെയറിന്റെ ചെയര്‍ പ്രഫസറാണ് പ്രഫ. ആന്‍ജ് സീഹു.
കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ ചടങ്ങില്‍ ചുമതയേറ്റ സീഹുവിവിന് മുന്‍ വൈസ് ചാന്‍സലറും സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ് ഡയറക്റുമായ പ്രഫ. സാബു തോമസ് സര്‍ട്ടിഫിക്കറ്റ് ഔപചാരികമായി കൈമാറി.
പ്രഭാഷണ പരിപാടിയില്‍ ഫ്രാന്‍സിലെ തുളോസ് സര്‍വകലാശാലയിലെ ഗവേഷക ഡോ. നതാലി ലിസ്കോ, സെന്റര്‍ ഫോര്‍ അള്‍ട്രാഫാസ്റ്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍, സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ് ഡയറക്ടര്‍ ഡോ.എം.എസ്. ശ്രീകല, പ്രഫ. അനിത സി. കുമാര്‍, കാനഡയില്‍നിന്നുള്ള പ്രഫ. ജോ താരമംഗലം, പ്രഫ. എല്‍സി താരമംഗലം, സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഡോ. ജോസ് ചാത്തുകുളം, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ നേരിട്ടും വിവിധ വിദേശരാജ്യങ്ങളില്‍നിന്ന് നൂറിലധികംപേര്‍ ഓണ്‍ലൈനിലും പരിപാടിയില്‍ പങ്കെടുത്തു.