മാലിന്യമുക്ത ഏറ്റുമാനൂർ: വൃത്തി പദ്ധതിക്ക് നാളെ തുടക്കം
1339440
Saturday, September 30, 2023 2:34 AM IST
ഏറ്റുമാനൂർ: സമ്പൂർണ മാലിന്യമുക്ത നിയോജകമണ്ഡലമാക്കാനുള്ള ജനകീയ പദ്ധതിയായ വൃത്തി- കാമ്പയിനു നാളെ തുടക്കം കുറിക്കും. കേരളത്തിലെ ആദ്യ സമ്പൂർണമാലിന്യമുക്ത നിയോജകമണ്ഡലമാകാൻ ഏറ്റുമാനൂർ മണ്ഡലത്തിൽ വിപുലമായ കർമ പദ്ധതികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചിരിക്കുന്നതെന്നു മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.
നാളെ നിയോജക മണ്ഡലത്തിലെ മുഴുവൻ ജലാശങ്ങളിലെയും മാലിന്യങ്ങൾ നീക്കിയും കോട്ടയം മെഡിക്കൽ കോളജും പരിസര പ്രദേശങ്ങളും ശുചീകരിച്ചുമാണ് വൃത്തി കാമ്പയിൻ ആരംഭിക്കുന്നത്.പരിപാടിയുടെ ഉദ്ഘാടനം രാവിലെ ഒമ്പതിന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
നാളെ രാവിലെ മുതൽ തദ്ദേശസ്ഥാപനങ്ങളിലെ ജലാശയങ്ങളിലും ശുചീകരണം ആരംഭിക്കും. പ്ളാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
വൃത്തി കാമ്പയിന്റെ ഭാഗമായി ഒക്ടോബർ രണ്ടിനു പൊതുനിരത്തിലെയും പൊതു ഇടങ്ങളിലെയും മാലിന്യനീക്കം നടത്താൻ ഒരു ലക്ഷം പേരാണ് മണ്ഡലത്തിൽ അണിചേരുന്നത്. നവംബർ ഒന്നിന് ഏറ്റുമാനൂർ നിയോജക മണ്ഡലത്തെ സമ്പൂർണ മാലിന്യമുക്ത മണ്ഡലമായി പ്രഖാപിക്കും.
പുരസ്കാരങ്ങൾ
വൃത്തി കാമ്പയിന്റെ ഭാഗമായി മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്ത്, വാർഡ് മെംബർ, മികച്ചവാർഡ്, മികച്ച സ്കൂൾ, കോളജ്, അങ്കണവാടി, മികച്ച ഹരിതകർമസേന യൂണിറ്റ്, ഹരിത കർമസേനയുടെ 100 ശതമാനം കവറേജ എത്തിയ വാർഡ് എന്നിവയ്ക്ക് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.