മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരേ കരിങ്കൊടി യൂത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത പ്രതിഷേധം പോലീസിനെ വെട്ടിലാക്കി
1545212
Friday, April 25, 2025 3:51 AM IST
പത്തനംതിട്ട: മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷത്തിന് പത്തനംതിട്ടയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനു നേരേ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിൽ അഴൂരിലെ സർക്കാർ ഗസ്റ്റ് ഹൗസിനു സമീപമാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.
കരിങ്കൊടി കാണിച്ചവരെ അറസ്റ്റ് ചെയ്തെങ്കിലും യൂത്ത് കോൺഗ്രസിന്റ അപ്രതീക്ഷിത പ്രതിഷേധം പോലീസിനെയും വെട്ടിലാക്കി. ജില്ലാ പോലീസ് മേധാവിയടക്കം നേരിട്ടെത്തി സുരക്ഷാച്ചുമതല നിർവഹിക്കുകയും ഇന്റലിജൻസ് വിഭാഗം ഉൾപ്പെടെ രംഗത്തുണ്ടാകുകയും ചെയ്തതിനിടെയാണ് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്.
കരിങ്കൊടി കാണിച്ച ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഗസ്റ്റ് ഹൗസിൽ നിന്നും സംവാദം പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വരുന്പോഴായിരുന്നു പ്രതിഷേധം. വാഹനം ഗസ്റ്റ്ഹൗസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറി അല്പം കഴിഞ്ഞപ്പോഴാണ് മറഞ്ഞുനിന്ന പ്രവർത്തകർ വാഹനത്തിന് മുന്നിലേക്ക് ചാടി കരിങ്കൊടി വീശിയത്.
റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഇവരെ മൽപ്പിടിത്തത്തിലൂടെ ജീപ്പിലാക്കി. നാലാം വാർഷികത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന ധൂർത്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ ഷർട്ട് പിടിവലിക്കിടെ ഊരി പോലീസ് ഉദ്യോഗസ്ഥന്റെ കൈയിലായി.
സംസ്ഥാന സെക്രട്ടറി റെനോ പി. രാജൻ, ജില്ലാ സെക്രട്ടറി ജിതിൻ ജി. നൈനാൻ, നേസ്മൽ കാവിളയിൽ, സുബിൻ വല്യയന്തി, റോബിൻ വല്യയന്തി എന്നിവരാണ് അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അൻസർ മുഹമ്മദ്, നിയോജകമണ്ഡലം പ്രസിഡന്റ് നേജോ മെഴുവേലി, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെ കരുതൽ തടങ്കലിൽ ആക്കുകയും ചെയ്തു. മുഖ്യമന്ത്രി ജില്ല വിട്ടശേഷമാണ് ഇവരെ വിട്ടയച്ചത്.