പുതമൺ പാലത്തിന്റെ നിർമാണം ഓണത്തിനു മുന്പ് പൂർത്തിയാക്കും
1545227
Friday, April 25, 2025 4:05 AM IST
റാന്നി: പുതമൺ പാലത്തിന്റെ നിർമാണം ഓണത്തിനു മുമ്പ് പൂർത്തിയാക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ നിർദേശം നൽകി. പാലം നിർമാണം എംഎൽഎ നേരിട്ടു സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി.
നിർമാണം പൂർത്തിയാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കരാറുകാരനോട് എംഎൽഎ നിർദ്ദേശിച്ചത്. 2.61 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പാലത്തിന്റെ ആറു പൈലുകളും മൂന്ന് പൈൽ ക്യാമ്പുകളും പൂർത്തിയായിട്ടുണ്ട്. ഇരുകരകളിലെയും അബട്മെന്റുകളുടെയും നടുക്കുള്ള പിയറിന്റെയും നിർമാണം പുരോഗമിക്കുകയാണ്. 35 ശതമാനം നിർമാണ ജോലികളും പൂർത്തീകരിച്ചു.
എട്ടു മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനുകളോടു കൂടിയ പാലത്തിന് വാഹന യാത്രയ്ക്കായി 7.50 മീറ്റർ വീതി ഉണ്ടാകും. കൂടാതെ 1.5 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയും നിർമിക്കും. ആകെ 11 മീറ്ററാണ് പാലത്തിന്റെ വീതി
കോഴഞ്ചേരി - റാന്നി റോഡിൽ പുതമൺ പെരുന്തോടിന് ഉണ്ടായിരുന്ന 70 വർഷത്തിലധികം പഴക്കമുള്ള പാലം അപകടാവസ്ഥയിൽ ആയതിനേത്തുടർന്നാണ് ഇപ്പോൾ പുതിയ പാലം നിർമിക്കുന്നത്. യാത്രക്കാർക്ക് 30 ലക്ഷം രൂപ ചെലവഴിച്ച് താത്കാലിക പാതയും ഒരുക്കി നൽകിയിട്ടുണ്ട്.
പാലം നിർമാണം നേരത്തേ ടെൻഡർ ചെയ്തിരുന്നെങ്കിലും എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം അധികം തുകയാണ് കരാറുകാരൻ നൽകിയതെന്ന കാരണത്താൽ നിർമാണം മൂന്നു തവണ ടെൻഡർ ചെയ്യേണ്ടി വന്നു. പിന്നീട് പ്രത്യേക മന്ത്രിസഭാ യോഗമാണ് പുതിയ തുകയ്ക്ക് നിർമാണാനുമതി നൽകിയത്.