ദുരന്തഘട്ടത്തിൽ സഹായിക്കണമെന്ന ഭരണഘടന ഉറപ്പു പോലും ലംഘിക്കപ്പെട്ടു: മുഖ്യമന്ത്രി
1545210
Friday, April 25, 2025 3:51 AM IST
പത്തനംതിട്ട: ദുരന്തമുണ്ടായാല്‍ സംസ്ഥാനങ്ങളെ സഹായിക്കണമെന്ന ഭരണഘടന ഉറപ്പ് പോലും കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തെ അവഗണിച്ചപ്പോൾ കേന്ദ്ര സര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷത്തിനായില്ല. തനതു വരുമാനത്തിൽ വർധന വരുത്തിയാണ് കേരളം ഈ ഘട്ടത്തിൽ പിടിച്ചു നിന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2016ൽ സംസ്ഥാനത്തിന്റെ തനതു വരുമാനം 16 ശതമാനം ആയിരുന്നുവെങ്കിൽ 2025ൽ 73 ശതമാനമായി ഉയർന്നു. ആഭ്യന്തര ഉത്പാദനരംഗത്തും കുതിച്ചുചാട്ടം ഉണ്ടായി. സാന്പത്തികമായി കേന്ദ്രം ഞെരുക്കിയപ്പോഴും കിഫ്ബി മുഖേനയുള്ള പദ്ധതികളിലൂടെ കേരളം വികസന രംഗത്തും കുതിച്ചു ചാട്ടം നടത്തിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഐടി മേഖലയിൽ 9000 കോടി രൂപയുടെ മുതൽമുടക്ക് നടത്തി. പുതുതായി രണ്ട് ഐടി പാർക്കുകളും മൂന്ന് ഐടി ഇടനാഴികളും സ്ഥാപിക്കുകയാണ്. 6090 സ്റ്റാർട്ട് അപ്പുകൾ കേരളത്തിൽ ആരംഭിച്ചു. 60000 തൊഴിൽ അവസരങ്ങൾ ഇതിലൂടെ ഉണ്ടായി. 2026ൽ 15000 സ്റ്റാർട്ട് അപ്പുകളാണ് ലക്ഷ്യം. ഇതിലൂടെ ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ ലക്ഷ്യമിടുന്നു.
ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അടക്കം മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടാൻ പോകുകയാണ്. മൂന്ന് സയൻസ് പാർക്കുകളും കേരളത്തിൽ വരുന്നതോടെ സംസ്ഥാനം ആധുനിക വിജ്ഞാന ഉത്പാദന കേന്ദ്രമായി മാറുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് ബിജെപിയും യുഡിഎഫുമെന്നും അദ്ദേഹം കുറ്റപ്പടുത്തി.
സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായൺ, കെ.യു. ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, എൽഡിഎഫ് കൺവീനർ അലക്സ് കണ്ണമല, കെ.പി. ഉദയഭാനു, സജി അലക്സ്, ജിജി വട്ടശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.