ലഹരിക്കെതിരേ കൂട്ടായ പ്രവര്‍ത്തനം ആവശ്യം: മുഖ്യമന്ത്രി
1545207
Friday, April 25, 2025 3:51 AM IST
പത്തനംതിട്ട: ലഹരിക്കെതിരേ സമൂഹം ഒന്നിക്കണമെന്നും കൂട്ടായ്മയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വേണ്ട എന്ന് പറയാനുള്ള ആര്‍ജവം യുവതലമുറ നേടണം. പൊതുസമൂഹത്തിന്റെ പൂര്‍ണ പിന്തുണ ഇതിനാവശ്യമാണ്.
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പത്തനംതിട്ട ജില്ലാതല സംവാദത്തില്‍ സംസ്ഥാന പാഠപുസ്തക നിര്‍മാണ സമിതി അംഗം ഡോ. അജിത് ആര് പിള്ളയുടെ കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരേ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ലഹരിക്കെതിരായ പ്രവര്‍ത്തനം പൂര്‍ണ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ബോധവത്കരണമാണ് പ്രധാന മാര്‍ഗം. കുട്ടികള്‍ ലഹരി ഉപയോഗിക്കാതിരിക്കാനുള്ള ശ്രമമുണ്ടാകണം. അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും പിന്തുണ ആവശ്യമാണ്. രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കണം.
വിദ്യാർഥികള്‍ക്ക് കൗണ്‍സലിംഗ് നല്കാന് അധ്യാപകര്‍ക്കാകണം. ലഹരിക്കെതിരായ പ്രവര്‍ത്തനം പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് പരിശോധിക്കും. കുട്ടികളുടെ സാമൂഹിക വളര്‍ച്ച മനസിലാക്കണം. ലഹരിയിലേക്ക് കുട്ടികള്‍ എങ്ങനെ എത്തുന്നുവെന്ന് തിരിച്ചറിഞ്ഞ് അവ തിരുത്തണം.
കലാ, കായിക പഠനത്തിന് സ്കൂളുകളില്‍ സമയം കണ്ടെത്തണം. സ്കൂള്‍ വിടുന്നതിന് മുമ്പ് കുട്ടികളെ ഒന്നിച്ചു ചേര്‍ത്ത് വ്യായാമവും സ്കൂബാ ഡാന്‍സും ചെയ്യിക്കണം. പഠനത്തിന്റെ ഭാഗമായുള്ള മാനസിക സമര്‍ദം ഒഴിവാകാന്‍ ഇത് സഹായിക്കും. ഇതിനായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം.
ലഹരി ഉപയോഗിക്കുന്നവരെ കൗണ്‍സലിംഗിലൂടെ മാറ്റാന്‍ ശ്രമമുണ്ടാകണം. ഇതിന് സാധിക്കാത്തവരെ ഡി അഡിക്ഷന് സെന്ററിലാക്കണം. ഇവരെ അകറ്റുകയല്ല ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വിദ്യാലയങ്ങളുടെ അടുത്ത് ലഹരി വില്ക്കുന്നവര്ക്കെതിരേ അധ്യാപക. രക്ഷാകർത്തൃ സമിതി ജാഗ്രത പുലര്‍ത്തണം. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ടോള്‍ ഫ്രീ നമ്പറിലൂടെ പരാതിപ്പെടാം. പരാതിപ്പെടുന്നവരുടെ വിവരം രഹസ്യമായിരിക്കും.
സര്‍ക്കാര്‍ പര്യസങ്ങളില്‍ ഈ നമ്പര്‍ ഉള്‍പ്പെടുത്തും. പരാതിക്കാരെക്കുറിച്ച് വിവരം പുറത്തറിഞ്ഞാല്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന് സര്‍വീസില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.