വന്യമൃഗ ശല്യം പരിഹരിക്കാന്‍ നടപടി
1545208
Friday, April 25, 2025 3:51 AM IST
പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ തന്നെ വെള്ളം ലഭ്യമാകുന്നതിന് അവിടെയുള്ള ജലസ്രോതസ് ശക്തമാക്കും. ഭക്ഷ്യയോഗ്യമായ സസ്യങ്ങള്‍ വനത്തില്‍ വളര്‍ത്തും. വന്യമൃഗങ്ങള്‍ നാട്ടിലെത്താതിരിക്കാന് വനം വകുപ്പ് വഴി തടസം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, പി. എസ്. സതീഷ് കുമാർ, മണ്ണടി മോഹന്‍ തുടങ്ങിയവര്‍ ഉന്നയിച്ച വിഷയത്തില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
വന്യമൃഗ ശല്യം മൂലം കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുന്നു. മലയോര മേഖലയ്ക്ക് പുറമേ ജില്ലയിലെ അടൂർ, പന്തളം ഭാഗങ്ങളിലും വന്യമൃഗആക്രമണം നേരിടുന്നുണ്ട്. കര്‍ഷകര്‍ക്കുവേണ്ടി സമഗ്രമായ ഒരു പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. വനമേഖലയോടു ചേര്‍ന്നു കിടക്കുന്ന വില്ലേജുകളില്‍ തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ വെട്ടുന്നതിന് അനുവാദം ലഭിച്ചിട്ടില്ല.
പട്ടയ ഭൂമിയിലെ മരങ്ങള്‍ വെട്ടാനോ, വെട്ടിയിട്ട മരങ്ങള്‍ നീക്കം ചെയ്യാനോ ഉള്ള അനുമതി കിട്ടുന്നില്ല. കച്ചവടക്കര്‍ മരങ്ങള്‍ വാങ്ങിയാലും കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. ഇതിനു സര്‍ക്കാരില്‍ നിന്നും ഇടപെടല്‍ ഉണ്ടാകണമെന്ന് ജോര്‍ജ് ഏബ്രഹാമിന്റെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വനമേഖലയോടുചേര്‍ന്ന പ്രദേശങ്ങളിൽ മരങ്ങള്‍ മുറിക്കുന്നതു സംബന്ധിച്ചുള്ള തടസം എന്തെന്ന് പരിശോധിച്ചു നടപടി സ്വീകരിക്കും. പട്ടയത്തില്‍ ആശങ്ക വേണ്ടെന്നും പട്ടയ നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.