സ്പെഷൽ സ്കൂളുകൾക്ക് ലഭിച്ചത് 1.78 കോടി
1545211
Friday, April 25, 2025 3:51 AM IST
പത്തനംതിട്ട: ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന സ്പെഷൽ സ്കൂളുകള്‍ക്കായി 2024-25 സാമ്പത്തിക വര്‍ഷം 50 കോടിരൂപ സംസ്ഥാനത്തു ലഭ്യമാക്കി. 270 കുട്ടികൾക്കാണ് ഇതു നൽകിയത്.
പത്തനംതിട്ട ജില്ലയില്‍ അപേക്ഷിച്ച ഒമ്പത് സ്കൂളുകള്‍ക്കായി 1,78,49,500 രൂപ വിതരണം ചെയ്തു. 18 വയസ് കഴിഞ്ഞ ഭിന്നശേഷി കുട്ടികള്‍ക്ക് നിലവിലെ പദ്ധതികള്‍ സംബന്ധിച്ചും ദീപ്തി സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ ഡോ. സൂസന് മാത്യുവിന്റെ നിര്‍ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്കി.
പൊതുവിദ്യാലയങ്ങളില്‍ വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ സ്കില്‍ ഡവലപ്മെന്റ് പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ കുട്ടികളുടെയും ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് പരിശീലനം നല്‍കും. പാഠഭാഗങ്ങളില്‍ ആവശ്യമായവ ഉള്‍പ്പെടുത്തുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അധ്യാപകര്‍ക്ക് കൗണ്‍സിലിംഗ് പരിശീലനവും മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതു വിദ്യാലങ്ങളില്‍ സ്കില്‍ ഡവലപ്മെന്റ്, ക്രിട്ടിക്കല്‍ തിങ്കിങ്, എഐ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനങ്ങള്‍ക്ക് അവസരം ഒരുക്കണമെന്ന അധ്യാപകനായ സാബു പുല്ലാട്ട് നിർദേശിച്ചു. കുട്ടികളിലും മുതിര്‍ന്നവരിലും മാനസിക സമ്മര്‍ദ്ദം കുറക്കുവാനുള്ള ശാരീരിക മാനസിക വ്യായാമം നല്കുവാനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് യോഗാചാര്യന് എം.ജി ദിലീപിന് മുഖ്യമന്ത്രി മറുപടി നല്കി.
വിജ്ഞാനകേരളത്തിന്റെ രണ്ടാംഘട്ടം എന്ന നിലയില്‍ വിജ്ഞാന പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ സ്കില്ലിംഗ് പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നു. ഗുരു നിത്യ ചൈതന്യയുടെ പേരില്‍ സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.