മലയോര മേഖലയിലെ പ്രശ്നം പരിഹരിക്കും; വിമാനത്താവളം യഥാര്‍ഥ്യമാകും: മുഖ്യമന്ത്രി
1545206
Friday, April 25, 2025 3:51 AM IST
പത്തനംതിട്ട: അസാധ്യമെന്ന് കരുതിയതു പലതും യാഥാർഥ്യമാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എൽഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ക്ഷണിതാക്കളുമായി പത്തനംതിട്ടയില്‍ നടത്തിയ ജില്ലാതല കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016 ലെ കേരളത്തിന്റെ അവസ്ഥയും നിലവിലെ സാഹചര്യവും താരതമ്യം ചെയ്താല്‍ വ്യത്യാസം മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിപ, ഓഖി, പ്രളയം, കോവിഡ്, നിരവധി പ്രകൃതിദുരന്തങ്ങള്‍ തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് സംസ്ഥാനം അതിശയിപ്പിക്കുന്ന വികസന മുന്നേറ്റങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയുടെ മലയോര മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകും. കാട്ടുമൃഗശല്യം, പട്ടയ വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടാകും. ശബരിമല വിമാനത്താവളം യാഥാർഥ്യമാകുമെന്നതിലും സംശയം വേണ്ടെന്ന് പിണറിയാ വിജയൻ ചൂണ്ടിക്കാട്ടി.
സംതൃപ്തിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ 10-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. 2016 ന് മുമ്പ് എല്ലാ മേഖലയിലും തകര്‍ന്നടിഞ്ഞ നാട്ടില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റു. തകര്‍ച്ചയുടെ വക്കിലായിരുന്ന ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെട്ടു. പൊതുവിദ്യാഭ്യാസ രംഗത്ത് ആശങ്കയില്ല. സ്കൂളുകൾ ഹൈടെക് നിലവാരത്തിലെത്തിയതോടെ കൊഴിഞ്ഞുപോയ കുട്ടികളിൽ നല്ലൊരു പങ്കും തിരികെവന്നു.
ആരോഗ്യരംഗത്ത് ജില്ലയുടെ വികസനമടക്കം മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് മഹാമാരിയില്‍ മുട്ടുകുത്താത്ത സംസ്ഥാനമായിരുന്നു നമ്മുടേത്. രാജ്യവും ലോകവും അത്ഭുതത്തോടെയാണ് കേരളത്തെ നോക്കിയത്. കോവിഡ് മൂര്‍ധന്യാവസ്ഥയിലായപ്പോള്‍ നമ്മുടെ ആശുപത്രികളില്‍ വെന്റിലേഷന് സൗകര്യം ഉള്‍പ്പെടെ ഒഴിവുണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ പ്രായമേറിയവരെ കോവിഡ് മരണത്തിലേക്ക് തള്ളിവിട്ടപ്പോള്‍ 100 വയസ് കഴിഞ്ഞവര്‍ക്കും ഇവിടെ ചികിത്സ ലഭ്യമാക്കി. ആര്‍ദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളടക്കം വികസനപാതയിലായി. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ നമുക്കായെന്നും പിണറായി വിജയൻ പറഞ്ഞു.
മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാർ പ്രമോദ് നാരാൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. 23 പേർക്കാണ് സംവാദത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം ലഭിച്ചത്.