മാർ ക്രിസോസ്റ്റം പകർന്നു നൽകിയത് കാരുണ്യത്തിന്റെ സന്ദേശം: മുഖ്യമന്ത്രി
1545220
Friday, April 25, 2025 4:00 AM IST
കോഴഞ്ചേരി: ജീവിതം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാക്കി മാറ്റിയ വ്യക്തിത്വമായിരുന്നു പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്മഭൂഷണ്‍ മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന് പുരസ്കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും മനുഷ്യന്റെ യാതനകള്‍ക്ക് പരിഹാരം കാണാനും ജീവിതം ഉഴിഞ്ഞുവച്ച ആളായിരുന്നു മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. മതങ്ങളുടെ യഥാര്‍ഥ അർഥം നീതിയും സഹാനുഭൂതിയാണെന്നും സമൂഹത്തെ പഠിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
വർഗീയതയും വെറുപ്പും ആളിക്കത്തിക്കാനുളള ശ്രമം നടക്കുമ്പോള്‍ ക്രിസോസ്റ്റം തെളിയിച്ച മാനവികത വെളിച്ചം നല്‍കുന്നതാണ്. എംജി സര്‍വകലാശാലയില്‍ ആരംഭിച്ചിരിക്കുന്ന ക്രിസോസ്റ്റം ചെയറിന്റെ പ്രവര്‍ത്തനം കൂടുതൽ ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും മുഖ്യ മന്ത്രി പറഞ്ഞു. ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിക്ക് മുഖ്യമന്ത്രി നൽകി.
മാരാമണ്‍ കണ്വന്ഷന് നഗറിന് സമീപമുള്ള പദ്മഭൂഷണ്‍ മാര്‍ ക്രിസോസ്റ്റം നഗറില്‍ നടന്ന യോഗത്തില്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, എംഎല്‍എ മാരായ മാത്യു ടി. തോമസ്, ജനീഷ് കുമാർ, പ്രമോദ് നാരായണ്‍, മുന്‍ എംഎല്‍എ രാജു ഏബ്രഹാം,
ത്രിതല ജനപ്രതിനിധികളായ സാറാ തോമസ്, ആര് അജയകുമാർ, ജിജി മാത്യു, ബിജിലി പി. ഈശോ, കെഎസ്എഫ്ഇ മുന്‍ ചെയര്മാന് ഫിലിപ്പോസ് തോമസ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എ. പത്മകുമാർ, കെ. അനന്തഗോപന്‍, മാര്‍ത്തോമ്മ സഭ ട്രസ്റ്റി അന്‍സില്‍ സഖറിയ, ഫൗണ്ടേഷന് സെക്രട്ടറി രാജന് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഡോ. വര്‍ഗീസ് ജോര്‍ജ് രചിച്ച പ്രതിരോധത്തിന്റെ കൂട്ടായ്മ എന്ന പുസ്തകം എം.എ. ബേബി പ്രകാശനം ചെയ്തു.