ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ പേരിൽ സിപിഎം രാഷ്ട്രീയം കളിക്കുന്നെന്ന് കോൺഗ്രസ്
1545221
Friday, April 25, 2025 4:00 AM IST
കോഴഞ്ചേരി: ലോകം ആദരിക്കുന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്തയെ രാഷ്ട്രീയ ലക്ഷ്യത്തിനായി സിപിഎമ്മിലെ ഒരു വിഭാഗം ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് ആരോപണം. ഇന്നലെ മാരാമണ്ണിൽ നടന്ന പുരസ്കാരദാന ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചു.
ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കോഴഞ്ചേരി, തോട്ടപ്പുഴ ശേരി, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ സാലി ഫിലിപ്പ്, കൃഷ്ണ കുമാർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് സൂസൻ തോമസ്, ബ്ലോക്ക് പഞ്ചായത്തു അംഗം ക്രിസ്റ്റഫർ തോമസ് ഉൾപ്പെടെ കോൺഗ്രസുകാരായ ജന പ്രതിനിധികളും പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തില്ല.
അവാർഡുദാനം സിപിഎമ്മിലെ ചില നേതാക്കളുടെ പരിപാടിയായി മാറിയെന്നും ഇതിനായി രൂപീകരിച്ചിട്ടുള്ള ഫൗണ്ടേഷൻ നിലനില്പുള്ളതല്ലെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജെറി മാത്യു സാം, ഈപ്പൻ കുര്യൻ, സഭകൗൺസിൽ മുൻ അംഗം ജേക്കബ് ഇമ്മാനുവേൽ എന്നിവർ ആരോപിച്ചു.
സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബിയ്ക്കു മാരാമണ്ണിൽ സ്വീകരണം നൽകാനാണ് ഇത്തരമൊരു ഫൗണ്ടേഷൻ രൂപീകരിച്ചതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.